വൈപ്പിൻ: മുനമ്പം സർക്കാർ ആശുപത്രിയിൽ ചികിത്സാ സൗകര്യങ്ങൾ പുന:സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് 18 ന് രാവിലെ മുനമ്പം ആശുപത്രിക്ക് മുന്നിൽ വയോജനങ്ങൾ ധർണ്ണ നടത്തും. ആശുപത്രിയിൽ രോഗികൾക്ക് മുൻകാലങ്ങളിൽ ലഭിച്ചിരുന്ന കിടത്തി ചികിത്സ, പ്രസവ ചികിത്സ, രാത്രികാല ഡോക്ടറുടെ സേവനം, പോസ്റ്റ്‌മോർട്ടം, ആംബുലൻസ് എന്നീ സൗകര്യങ്ങൾ നിർത്തലാക്കിയതിനെതിരെ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം നടക്കുകയാണ്. നാല് മണി കഴിഞ്ഞാൽ രോഗികൾക്ക് ചികിത്സ നിഷേധിച്ച് ആശുപത്രി അടച്ചു പൂട്ടി ഇടുന്ന അവസ്ഥയാണ് . രോഗികൾക്ക് കിടന്ന് ചികിത്സ തേടാൻ ജനങ്ങൾ പണിതുകൊടുത്ത ജനറൽ വാർഡിൽ കട്ടിലുകളൊക്കെ എടുത്തുമാറ്റി ഫാർമസിയാക്കി. നിലവിൽ വിപുലമായ സൗകര്യങ്ങളുള്ള ഫാർമസി പൊളിച്ചുമാറ്റിയാണ് ബ്ലോക്ക് പഞ്ചായത്ത് ഈ പരിഷ്‌കാരം നടത്തിയത്. ഒരു ഡോക്ടർമാത്രം ചികിത്സ നടത്തുന്നിടത്ത് പല രോഗികളും ചികിത്സ ലഭിക്കാതെ മടങ്ങിപോകേണ്ട അവസ്ഥയാണ്.