flyover-map
ചൂർണിക്കര പഞ്ചായത്തിലെ ദേശീയപാത കമ്പനിപ്പടി കവലയിൽ പഞ്ചായത്ത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഫുട്ഓവർബ്രിഡ്ജിന്റെ രൂപരേഖ

# പ്രതീക്ഷിക്കുന്ന ചെലവ് ഒരു കോടി രൂപ

ആലുവ: ദേശീയപാതയിൽ ഏറെ തിരക്കേറിയതും അപകടങ്ങൾ തുടർക്കഥയായതുമായ കമ്പനിപ്പടിയിൽ ദേശീയപാതയ്ക്ക് കുറുകെ ചൂർണിക്കര ഗ്രാമപഞ്ചായത്ത് ഒരു കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഫുട് ഓവർബ്രിഡ്ജ് നിർമ്മിക്കാൻ ആലോചന. റോഡിൽ നിന്ന് ലിഫ്റ്റ് ഉൾപ്പെടെയുള്ള സംവിധാനമുള്ള ഇതിന്റെ രൂപരേഖ ആലുവ വാഴക്കുളം ഹോളി ക്രസൻറ് കോളജ് ഒഫ് ആർക്കിടെക്ട് തയ്യാറാക്കി. ദേശീയപാത അതോറിട്ടി, എം.പി, എം.എൽ.എ ഫണ്ടുകൾ കൂടി കണ്ടെത്തി നടപ്പാലം യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് അധികൃതർ.

# ഒരു മിനിട്ടിൽ 45 പേർ

നിലവിൽ ഒരു മിനിറ്റിൽ 35 മുതൽ 45 വരെ ആളുകൾ ഇവിടെ പകൽ സമയത്ത് റോഡ് മുറിച്ച് കിടക്കുന്നതായാണ് കണക്ക്. അതിൽ 80 ശതമാനം സ്ത്രീകളും വിദ്യാർത്ഥികളും വൃദ്ധരുമാണ്. ഇവിടെ അപകടങ്ങൾ പതിവായ സാഹചര്യത്തിലാണ് പുതിയ പദ്ധതി തയ്യാറാക്കിയത്.
ദേശീയപാത വികസിപ്പിച്ചപ്പോൾ ഇവിടെ ആവശ്യത്തിന് സ്ഥലം ഏറ്റെടുത്തിരുന്നില്ല. നിലവിലുണ്ടായിരുന്ന സ്ഥലം നാലുവരിയാക്കി മാറ്റുകയായിരുന്നു. അതിനാൽ മീഡിയനുപോലും വീതികുറവായിരുന്നു.

# വാഹനങ്ങൾ ചീറിപ്പായുന്നു

റോഡ് നേരെയായതിനാൽ ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ അമിതവേഗതയിലാണ് പായുന്നത്. അതുകൊണ്ട് മറ്റ് റോഡുകളിൽ നിന്ന് ദേശീയപാതയിലേക്ക് കയറാനുള്ള വാഹനങ്ങൾക്ക് സുരക്ഷിതത്വം ലഭിക്കുന്നില്ല. ഇതേ പ്രശ്‌നം തന്നെയാണ് കാൽനടയാത്രക്കാരും നേരിടുന്നത്. ദേശീയപാതയിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ദുരിതം ഇരട്ടിക്കാനിടയാക്കുന്നു. മീഡിയന് വീതികൂട്ടിയെങ്കിലും സൗകര്യങ്ങൾ ഇല്ലാത്തതും പ്രശ്നമാകുന്നു. മീഡിയന് നടുവിൽ മണ്ണിട്ട് ഉയർത്താൻ പോലും അധികൃതർ തയ്യാറായിട്ടില്ല. ഇതുമൂലം കാൽനടയാത്രക്കാർ തിരക്കുപിടിച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ തട്ടിവീഴുന്നതും പതിവാണ്.