ആലുവ: ആലുവ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ ശിവരാത്രി മണപ്പുറത്തെ കർക്കിടക വാവ് ബലിയോടനുബന്ധിച്ച് ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങളുടെ ഭാഗമായി ജലപരിശോധനയ്ക്കും കിണർ ക്ലോറിനേഷനും തുടക്കമായി.
ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ 5,6 വാർഡുകളിൽ ഏഴ് ദിവസത്തിനുള്ളിൽ വീടുകളിലെ കിണർ ക്ലോറിനേഷൻ പൂർത്തിയാക്കും. ശിവക്ഷേത്രം, ആൽത്തറയിലെ ക്ഷേത്രം, ദേവസ്വം ബോർഡ് ഓഫീസിലെ കിണർ, മണപ്പുറത്തെ കിണർ എന്നിവടങ്ങളിലെ ജലം ബാക്ടീരിയോളജി പരിശോധനക്കായി കാക്കനാട് റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിൽ എത്തിച്ചു. കർക്കിടക വാവിന് ബലിതർപ്പണത്തിനെത്തുന്ന ഭക്തരെ ജലജന്യ രോഗങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കിണർ ക്ലോറിനേഷൻ.
മണപ്പുറം മുകളിലെ ക്ഷേത്രകിണർ ക്ലോറിനേറ്റ് ചെയ്ത് അൻവർസാദത്ത് എം. എൽ. എ. ക്ലോറിനേഷൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി.എ. അബ്ദുൾ മുത്തലിബ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ. പ്രസന്നകുമാരി, ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ എൻ. ശ്രീധരശർമ്മ എന്നിവർ പങ്കെടുത്തു.