കൊച്ചി: കടൽക്ഷോഭം തടയുന്നതിന് അടിയന്തരമായി ദ്രോണാചാര്യ മോഡൽ കരിങ്കൽ ഭിത്തിയും പുലിമുട്ടും നിർമ്മിക്കണമെന്ന് ചെല്ലാനം ബസാർ, കമ്പനിപ്പടി, വേളാങ്കണ്ണി, ഒറ്റമശ്ശേരി എന്നിവടങ്ങളിൽ സന്ദർശനം നടത്തിയ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ പി.കെ. ഹനീഫ പറഞ്ഞു. പ്രദേശവാസികളുടെ സുരക്ഷയ്ക്ക് കരിങ്കൽഭിത്തിയും പുലിമുട്ടും അത്യാവശമാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളായ ഇവർ മറ്റ് സ്ഥലങ്ങളിലേക്ക് മാറുന്നത് തൊഴിലിനെ ബാധിക്കും. സന്ദർശനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് റിപ്പോർട്ട് നൽകും. കൂടാതെ തുടർ പരിശോധനയും സന്ദർശനവും നടത്തുമെന്ന് കമ്മിഷൻ അറിയിച്ചു.
ചെല്ലാനം ബസാർ, കമ്പനിപ്പടി, വേളാങ്കണ്ണി ഭാഗത്ത 1100 മീറ്റർ ദൂരത്തിൽ അടിയന്തരമായി റീട്ടെയിൻഡ് കരിങ്കൽ ഭിത്തിയും പുലിമുട്ടും നിർമ്മിക്കണം.
വെള്ളം കയറിയാൽ ചെളി നീക്കം ചെയ്യുന്നതിന് സർക്കാർ തലത്തിൽ യാതൊരു നടപടികളും എടുക്കുന്നില്ലെന്ന് പ്രദേശത്തെ സ്ത്രീകൾ കമ്മിഷനോട് പരാതിപ്പെട്ടു. ആലപ്പുഴ രൂപതയിലെ കെ.സി.വൈ.എം യുവജ്യോതി നൽകിയ പരാതിയിലാണ് കമ്മിഷൻ സന്ദർശനം നടത്തിയത്. കമ്മിഷൻ അംഗങ്ങളായ അഡ്വ. ബിന്ദു എം. തോമസ്, അഡ്വ. മുഹമ്മദ് ഫൈസൽ എന്നിവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.