കൊച്ചി: മനസ്സും ശരീരവും ശുദ്ധമാക്കി ആധ്യത്മിക പുണ്യം നിറയ്ക്കുന്ന രാമായണ മാസത്തിന് ഇന്ന് തുടക്കം. ഹൈന്ദവഭവനങ്ങളിൽ ഇനി ഒരുമാസക്കാലം രാമായണശീലുകൾ ഉയരും. പാപങ്ങൾ ഇല്ലാതാക്കി സംശുദ്ധത കൈവരിക്കലാണ് രാമായണം വായനയിലൂടെ ലക്ഷ്യമിടുന്നത്. രാമായണത്തിലെ 24,​000 ശ്ളോകങ്ങൾ ഈ ഒരു മാസം കൊണ്ടു വായിച്ചുതീർക്കണം.

കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ രാമായണ മാസാചരണം ഇന്ന് മുതൽ ആഗസ്റ്റ് 16 വരെ ആചരിക്കും. എല്ലാ ദിവസവും രാവിലെ ഗണപതി ഹോമവും തുടർന്ന് കെ. സുകുമാരന്റെ നേതൃത്വത്തിൽ രാമായണ പാരായണവും വൈകിട്ട് മേൽശാന്തി എൻ.പി ശ്രീരാജ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഭഗവതി സേവയും പ്രസാദ വിതരണവും. ആഗസ്റ്ര് 17ന് രാവിലെ നിറപുത്തിരിയും വൈകിട്ട് സർവ്വൈശ്വര്യ പൂജയും. കർക്കടക വാവുബലി ജൂലായ് 31ന് രാവിലെ 5.30 മുതൽ 10 വരെ.

എളമക്കര മാനവസേവാസമിതി രാമായണോത്സവം ഇന്ന് വൈകിട്ട് 6.30ന് എളമക്കര പുതുക്കുളങ്ങര ദുർഗ്ഗാദേവി ക്ഷേത്രത്തിൽ രാമായണ പാരായണത്തോടെ ആരംഭിക്കും. തെക്കൻ പറവൂർ ശ്രീനാരായണപുരം ശ്രീ വേണുഗോപാല ക്ഷേത്രത്തിൽ ഇന്ന് രാവിലെ 5.30ന് സമൂഹ ഗണപതി ഹോമവും രാമായണ പാരായണവും വൈകിട്ട് 6ന് ഭഗവതി സേവയും നടക്കും.

ഉദയംപേരൂർ ശ്രീനാരായണ വിജയസമാജം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഇന്ന് മുതൽ രാവിലെ 5.45ന് അഷ്ടദ്രവ്യ ഗണപതിഹോമവും രാമായണ പാരായണവും വൈകിട്ട് 5.45ന് ഭഗവതിസേവയും നടക്കും. ജൂലായ് 31ന് രാവിലെ 4 മുതൽ കർക്കടക വാവുബലി. അന്ന് വെളുപ്പിനെ 3.30ന് ഗണപതി ഹോമം. ആഗസ്റ്റ് 17ന് രാവിലെ 5.45ന് സമൂഹ ഗണപതിഹോമം, 7ന് ഇല്ലംനിറ.

കൂനംതൈ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഇന്ന് മുതൽ ജൂലായ് 23 വരെ യജ്ഞാചാര്യ സുകുമാരി പുഷ്കരന്റെ നേതൃത്വത്തിൽ ഗുരുദേവ പ്രതിഷ്ഠ മേമ്മോറിയൽ ഹാളിൽ ഗുരുദേവ ഭാഗവത സപ്താഹ യജ്ഞവും ഗുരുദേവ സഹസ്ര നാമാർച്ചനയും നടക്കും.

എറണാകുളം ശ്രീ അയ്യപ്പൻകോവിലിൽ രാമായണ മാസാചരണ ഉദ്ഘാടനം ഇന്ന് രാവിലെ 8ന് സാഹിത്യകാരൻ കെ.എൽ മോഹനവർമ്മ നിർവഹിക്കും. പ്രത്യേകം തയ്യാറാക്കിയ യാഗശാലയിൽ ദിവസവും രാവിലെ 6ന് ഗണപതി ഹവനവും രാത്രി 7.30ന് ഭഗവതി സേവയും ഉണ്ടായിരിക്കും. വൈകിട്ട് 8ന് ഭക്തജന പങ്കാളിത്തത്തോടെ പ്രസാദകഞ്ഞി വിതരണം. ജൂലായ് 31ന് ക്ഷേത്ര മൈതാനിയിൽ രാവിലെ 5.30 മുതൽ പിതൃതർപ്പണം.