# തിങ്കളാഴ്ചത്തെ കളക്ഷൻ 10,36,466 രൂപ
മൂവാറ്റുപുഴ: നഷ്ടക്കണക്കുകൾക്കും പരാതികൾക്കും പരിഭവങ്ങൾക്കുമിടയിൽ കെ.എസ്.ആർ.ടി.സി മൂവാറ്റുപുഴ ബസ് ഡിപ്പോയ്ക്ക് ചരിത്രനേട്ടം. ഒരു ദിവസത്തെ കളക്ഷനിലാണ് റെക്കാഡ് നേട്ടം. കഴിഞ്ഞ തിങ്കളാഴ്ച ഡിപ്പോയിലെ ആകെ കളക്ഷൻ 10,36,466 രൂപയാണ്. 70 ബസ് സർവീസുകളിൽ നിന്നാണ് ഇത്രയും കളക്ഷൻ ലഭിച്ചത്. 117.3 ശതമാനം വർദ്ധന.കളക്ഷനിൽ മദ്ധ്യമേഖലയിൽ രണ്ടാം സ്ഥാനത്ത് മൂവാറ്റുപുഴ ഡിപ്പോയെ എത്തിച്ച ജീവനക്കാരെ മാനേജ്‌മെന്റ് അഭിനന്ദിച്ചു.
ഒരു ദിവസം ഇവിടെ സാധാരണ കളക്ഷൻ തുകയായി കണ്ടെത്തേണ്ടത് 8,83,798 രൂപയാണ് . മൂവാറ്റുപുഴ - വൈറ്റില, മൂവാറ്റുപുഴ - കാക്കനാട് - കലൂർ ചെയിൻ സർവീസുകൾ, തൊടുപുഴ - മൂവാറ്റുപുഴ - എറണാകുളം എന്നീ സർവീസ് റൂട്ടുകളിൽ നിന്നാണ് കൂടുതൽ തുക കളക്ഷനായി ലഭിച്ചത്. # ജീവനക്കാരുടെ വിജയം
മൂവാറ്റുപുഴ ഡിപ്പോയിൽ ബസുകൾ വേണ്ടത്രയില്ലാത്തതിനാൽ ചെയിൻ സർവീസുകളുൾപ്പെടെ കുറയുന്ന സാഹചര്യത്തിലാണ് ഈ നേട്ടമെന്ന് ഡി.ടി.ഒ കെ.ജി. ജയകുമാർ പറഞ്ഞു. ജീവനക്കാരുടെ ആത്മാർത്ഥമായ പ്രവർത്തനത്തിന്റെ ഗുണഫലമാണിത്. ഈ നേട്ടം സ്ഥിരമായി നിലനിർത്തുവാനുള്ള ആത്മാർത്ഥമായ ശ്രമത്തിലാണ് മൂവാറ്റുപുഴ ഡിപ്പോയിലെ ജീവനക്കാരെന്ന് സീനിയർ കണ്ടക്ടർ പി.എം. അഷറഫ് പറഞ്ഞു.