jisha-sojan
പ്രസിഡന്റ് ജിഷ സോജൻ

കുറുപ്പംപടി: സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ യു.ഡി.എഫിന് ഭൂരിപക്ഷമുള്ള മുടക്കുഴ പഞ്ചായത്ത് കമ്മിറ്റിയിൽ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പിന്തുണയോടെ കോൺഗ്രസ് വിമത ജിഷാസോജനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. എട്ടാം വാർഡ് അംഗമാണ്.

മുൻ ധാരണ പ്രകാരം യു.ഡി.എഫിലെ ഷൈമിവർഗീസ് രാജിവച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്രാംഗം മിനിഷാജിയുടെ പേര് യു.ഡി.എഫും സി.പി.എം. അംഗം ബിബിൻ പുനത്തിൽ ജിഷയുടെ പേരും നിർദ്ദേശിച്ചു. ഇരുവർക്കും ആറ് വോട്ടുകൾവീതം ലഭിച്ചെങ്കിലും നറുക്കെുടുപ്പിൽ ജിഷയെ ഭാഗ്യം കടാക്ഷിച്ചു. ഏക ബി.ജെ.പി.അംഗം തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.

13 അംഗ പഞ്ചായത്തിൽ സ്വതന്ത്രാംഗത്തിന്റെ പിന്തുണയോടെയാണ് ആദ്യഘട്ടത്തിൽ യു.ഡി.എഫ്. അധികാരത്തിലെത്തിയത്. പ്രസിഡന്റ് മാറ്റം സംബന്ധിച്ച് പാർലമെന്ററി പാർട്ടിയിൽ ചർച്ച ചെയ്യുകയോ കോൺഗ്രസ് പ്രവർത്തകരുടെ അഭിപ്രായം കണക്കിലെടുക്കുകയോ ചെയ്തില്ലെന്നാണ് ആരോപണം. പ്രസിഡന്റിനെ മാറ്റുന്നതിനെതിരെ ബ്ലോക്ക് സെക്രട്ടറി ടി.കെ. സാബുവിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം ജില്ലാനേതൃത്വത്തിന് പരാ
തി നൽകിയിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് സ്വതന്ത്രാംഗം മിനിഷാജിയെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി.പ്രസിഡന്റ് അംഗങ്ങൾക്ക് വിപ്പുനൽകിയതെന്ന് പറയുന്നു. ഇതിനിടെ കോൺഗ്രസിലെ അനൈക്യം മുതലെടുക്കാൻ സി.പി.എം.നടത്തിയ നീക്കം ജിഷ സോജനെ പിന്തുണച്ചതിലൂടെ വിജയിക്കുകയായിരുന്നു. വിപ്പ് ലംഘിച്ച ജിഷ സോജനെതിരെ കോൺഗ്രസ് നേതാക്കൾ ജില്ലാ നേതൃത്വത്തിന് പരാതി നൽകി.