കൊച്ചി : അംഗൻവാടികളിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ സപ്ളൈകോയുടെ വിതരണ കേന്ദ്രങ്ങളിൽ നിന്നേ വാങ്ങാവൂവെന്ന ഉത്തരവ് പിൻവലിപ്പിക്കാൻ സമ്മർദ്ദം മുറുകുന്നു. ഇതുവരെ വൻവെട്ടിപ്പ് നടത്തിവന്ന കടലാസ് സഹകരണ സംഘങ്ങളാണ് നീക്കത്തിന് പിന്നിൽ.

സംയോജിത ശിശുവികസന പദ്ധതിയിൽ (ഐ.സി.ഡി.എസ് ) അംഗൻവാടികൾക്കുള്ള പോഷകാഹാര പദ്ധതിയുടെ നടത്തിപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയെങ്കിലും നിർവഹണ ഉദ്യോഗസ്ഥർ ഐ.സി.ഡി.എസ് സൂപ്പർവൈസർമാരാണ്. ഭക്ഷ്യസാധനങ്ങൾ വാങ്ങുന്നതും തുക ചെലവഴിക്കുന്നതും പഞ്ചായത്തു കമ്മിറ്റികളുടെ തീരുമാനപ്രകാരവും.

ഓരോ തദ്ദേശ സ്ഥാപനത്തിനു കീഴിലും ശരാശരി 25 അംഗൻവാടികളുണ്ട്. വർഷം അഞ്ചു മുതൽ 10 ലക്ഷം രൂപയുടെ വരെ ഭക്ഷ്യവസ്തുക്കൾ ഓരോ അംഗൻവാടിയും വാങ്ങും. ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകൾ ഒഴികെ ആയിരത്തോളം തദ്ദേശ സ്ഥാപനങ്ങളുണ്ട്. ഒരു വർഷം നൂറു കോടി രൂപയുടെ കച്ചവടം! മലപ്പുറം, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണ് വർഷങ്ങളായി സാധനങ്ങൾ നൽകുന്നതത്രേ. ഉദ്യോഗസ്ഥരെയും തദ്ദേശ സ്ഥാപന മേധാവികളെയും സ്വാധീനിച്ച് ഇവർ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഇപ്പോൾ സർക്കാരിൽ സമ്മർദം ചെലുത്തി​ ഉത്തരവ് പിൻവലിപ്പിക്കാനാണ് നീക്കം.

സാമൂഹികനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കഴിഞ്ഞ 20 നാണ് ഉത്തരവിറക്കിയത്.

അംഗൻവാടി​കൾക്ക് ഭക്ഷ്യവസ്തുക്കൾ നൽകാൻ സപ്ളൈകോയ്ക്കു പുറമേ സഹകരണ ബാങ്കുകൾക്കു കീഴി​ലുള്ള നീതി​ സ്റ്റോറുകൾ, തീരമാവേലി​ സ്റ്റോറുകൾ എന്നി​വയെക്കൂടി പരി​ഗണി​ക്കുന്നുണ്ട്. തത്കാലം മറ്റു മാർഗമില്ല.

- ബി​ജു പ്രഭാകർ

സ്പെഷ്യൽ സെക്രട്ടറി,​ സാമൂഹ്യനീതി​ വകുപ്പ്