പി ആൻഡ് ടി കോളനിയിലെ താസക്കാർക്ക് മുണ്ടംവേലിയിൽ പുതിയ ഭവനസമുച്ചയം

കൊച്ചി:ഒരു മഴ പെയ്താൽ അഴുക്കുവെള്ളത്തിൽ മുങ്ങിയിരുന്ന ഗാന്ധിനഗർ പി ആൻഡ് ടി കോളനിയിലെ താമസക്കാർക്കായി തോപ്പുംപടി മുണ്ടംവേലിയിൽ പുതിയ ഭവനസമുച്ചയം ഒരുങ്ങുന്നു. ഈ മാസം ഒടുവിൽ നിർമ്മാണം തുടങ്ങും. പത്തു മാസത്തിനുള്ളിൽ 88 കുടുംബങ്ങൾക്ക് പുതിയ വീടുകളിലേക്ക് താമസം മാറാം . വിശാല കൊച്ചി വികസന അതോറിറ്റിയാണ് (ജി.സി.ഡി.എ) പേരണ്ടൂർ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന കോളനി നിവാസികളെ പുനരധിവസിപ്പിക്കുന്നത്. ഏഴ് കോടിയോളം വിപണി മൂല്യമുള്ള 70 സെന്റ് സ്ഥലമാണ് ഇതിനായി ജി.സി.ഡി.എ നൽകിയത്. സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ നിന്നാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. രണ്ടു ബ്ളോക്കുകളിലെ നാലു നിലകളിലായാണ് വീടുകൾ പണികഴിപ്പിക്കുന്നത്.

ആകെ പദ്ധതി ചെലവ്: 16.52 കോടി

സർക്കാർ അനുവദിച്ചത് : 15.52 കോടി

വീടിന്റെ തറവിസ്തീർണ്ണം : 375

ഒരു വീടിന്റെ നിർമ്മാണ ചെലവ്: 16 ലക്ഷം

സർക്കാർ അനുവദിച്ചത്: 12 ലക്ഷം

പദ്ധതി നിർവഹണത്തിനായി വേണ്ടിവരുന്ന അധിക തുക പൊതുമേഖല ,കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതാഫണ്ട് അടക്കമുള്ള ഇതര സാമ്പത്തിക സ്രോതസുകളിൽനിന്ന് കണ്ടെത്തും

വി.സലിം, ജി.സി.ഡി.എ ചെയർമാൻ

ശാപമോക്ഷം

പി. ആൻഡ് ടി കോളനിയിലെ പരിതാപകരമായ ചുറ്റുപാടുകളെ കുറിച്ച് കേരളകൗമുദി തുടർച്ചയായി വാർത്ത പ്രസിദ്ധികരിച്ചിരുന്നു. കോളനിയിലെ വീടുകളിൽ നിന്നുള്ള കക്കൂസ് മാലിന്യം നേരിട്ട് പേരണ്ടൂർ കനാലിലേക്കാണൊഴുകുന്നത്. വേലിയേറ്റത്തിലും മഴക്കാലത്തും മാലിന്യം വീടിനുള്ളിലെത്തും. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള കരി ഓയിൽ കലർന്ന വെള്ളവും മാലിന്യങ്ങളും പേരണ്ടൂർ കനാൽ വഴി വീടുകളിലേക്ക് കയറുന്നതും പതിവാണ്. കോർപ്പറേഷൻ ഓഫീസിന് മുന്നിൽ കോളനിനിവാസികൾ പലവട്ടം സമരങ്ങൾ നടത്തിയെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടർന്ന് ഗാന്ധിനഗർ വെളിയിട വിസർജ്ജന വിമുക്ത ഡിവിഷനാണെന്ന (ഒ.ഡി.ഫ്)സമ്മതപത്രത്തിൽ ഒപ്പിട്ട് നൽകാൻ കഴിയില്ലെന്ന് കൗൺസിലർ പൂർണിമ നാരായൺ ഉറച്ചനിലപാടെടുത്തു.ഒടുവിൽ ജി.സി.ഡി.എ രക്ഷകരായെത്തി.

എഫ്.എ.സി.ടിക്ക് കീഴിലുള്ള എഫ്.ആർ.ബി.എല്ലിനാണ് നിർമ്മാണ ചുമതല. ലൈഫ് മാനദണ്ഡപ്രകാരം പ്രീ ഫാബ് രീതിയിൽ നിർമ്മിക്കണമെന്നതിനാലാണ് നിർമ്മാണം എഫ്.ആർ.ബി.എല്ലിന് കൈമാറിയത്. വിശദമായ പദ്ധതിരേഖ തയ്യാറാക്കാൻ ചെന്നൈ ഐ.ഐ.ടിക്ക് ചുമതല നൽകിയിട്ടുണ്ട്. ഒരാഴ്ചയ്ക്കം റിപ്പോർട്ട് ലഭിക്കും. അതു കഴിഞ്ഞാലുടൻ ഭവന നിർമ്മാണം ആരംഭിക്കും