പെരുമ്പാവൂർ: കഴിഞ്ഞ മഹാപ്രളയത്തിൽ വിറങ്ങലിച്ചുപോയ കൂവപ്പടിയിലെ സ്വാശ്രയകർഷകവിപണി അതിജീവനത്തിന്റെ പാതയിലാണ്. ഓണക്കാലം മുൻകൂട്ടിക്കണ്ട് വിളവിറക്കിയതെല്ലാം പ്രളയം കവർന്നപ്പോൾ 10 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. ഇക്കുറി ഇതെല്ലാം നികത്തി ഓണവിളവെടുപ്പിന് കാത്തിരിക്കുകയാണ് കർഷക വിപണി പ്രവർത്തകർ. ബുധൻ, ഞായർ ദിവസങ്ങളിൽ വൈകിട്ട് മൂന്നുമണി മുതലാണ് കൂവപ്പടി തോട്ടുവായിലുളള വിപണിയിൽ പച്ചക്കറികളുടെ വില്പന ആരംഭിക്കുന്നത്. കിലോയ്ക്ക് വില നിശ്ചയിച്ചശേഷം പരസ്യ ലേലത്തിലുടെയാണ് വില്പന. സാധാരണ ഗതിയിൽ അഞ്ച് മണിയോടെ കച്ചവടം അവസാനിക്കും. ഓണം പോലുളള ഉത്സവ സീസണുകളിൽ ഇത് അർദ്ധരാത്രിവരെ നീളും. പച്ചക്കറികൾക്ക് പുറമേ ആട്, കോഴി, താറാവ് തുടങ്ങിയവയെയും ഇവിടെ വില്പനയ്ക്കായി കൊണ്ടുവരും.
ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കൂവപ്പടി, വേങ്ങൂർ, മുടക്കുഴ, ഒക്കൽ പഞ്ചായത്തുകളിലെ കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾ വിറ്റഴിക്കാനും മാന്യമായ വില ലഭിക്കാനുമുള്ള ഇടത്താവളമായി ഇന്ന് വിപണി മാറിക്കഴിഞ്ഞു. വിപണിയുടെ കീഴിൽ ഒരു വനിതാ യൂണിറ്റടക്കം 23 സ്വാശ്രയ കർഷക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
# 6 ലക്ഷം
ഏത്തക്കായ, പൈനാപ്പിൾ, പച്ചക്കറി തുടങ്ങിയവയ്ക്ക് മുൻ വർഷങ്ങളെക്കാൾ വില ലഭിക്കുന്നുണ്ട്. ശരാശരി ആറ് ലക്ഷം രൂപയുടെ കച്ചവടമാണ് ഒരു ചന്ത ദിവസം ഇവിടെ നടക്കുന്നത്. അപ്രതീക്ഷിതമായെത്തിയ പ്രളയം കാർഷിക മേഖലയെ ബാധിച്ചെങ്കിലും തളരാതെ കരകയറിയിരിക്കുകയാണ് കൂവപ്പടിയിലെ കർഷക വിപണി
ടി.ഒ. ജോർജ്,
വിപണി പ്രസിഡന്റ്
# വിപണിയുടെ ചരിത്രം
വിഷാംശമില്ലാത്ത ജൈവ പച്ചക്കറികൾ ജനങ്ങളിലേക്കെത്തിക്കുക, ഇടനിലക്കാരുടെ ചൂഷണങ്ങളിൽ നിന്നും കർഷകരെ രക്ഷിക്കുക, അവരുടെ ഉത്പന്നങ്ങൾക്ക് മാന്യമായ വില ലഭിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സർക്കാരിന്റെ സഹായത്തോടെയാണ് നാമമാത്ര അംഗങ്ങളുമായി 2000 ൽ കൂവപ്പടി സ്വാശ്രയ കർഷക വിപണി തുടങ്ങുന്നത്. മികച്ച പ്രവർത്തനത്തിലൂടെ തുടർച്ചയായി മൂന്നുവർഷം സംസ്ഥാന സർക്കാരിന്റെ അംഗീകാരം തേടിയെത്തി. കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ വിപണിയായി കൃഷിവകുപ്പ് തിരഞ്ഞെടുത്തു.
# അംഗത്വ നിബന്ധന
അഞ്ഞൂറ് ഏത്തവാഴ കൃഷി ചെയ്യുകയോ അല്ലെങ്കിൽ അമ്പത് സെന്റിൽ പച്ചക്കറി കൃഷി നടത്തുകയോ ചെയ്യുന്ന കർഷകർക്കാണ് സംഘത്തിൽ അംഗത്വം നൽകുന്നത്. സംഘത്തിലെ ഏറ്റവും കുറഞ്ഞ അംഗസംഖ്യ പത്താണ്. ഇവർ വാണിജ്യാടിസ്ഥാനത്തിൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇറക്കിയിരിക്കുന്ന പച്ചക്കറി കൃഷിയിലെ ഉത്പന്നങ്ങളാണ് വിപണിയിലെത്തുന്നതിൽ ഭൂരിഭാഗവും. ഈ പ്രദേശങ്ങളിലെ ചെറുകിട സ്വകാര്യ കർഷകരും പച്ചക്കറിയും മറ്റും ഇവിടേക്കെത്തിക്കുന്നുണ്ട്.