ഇടപ്പള്ളി: ഇടപ്പള്ളി -കോഴിക്കോട് നാലുവരിപ്പാതയിൽ ചേരാനല്ലൂർ കവലയിലെ ക്ലോവർലീഫ് മോഡൽ പാലം അനിവാര്യമെന്ന് ദേശീയ പാത
അതോറിറ്റി. സിഗ്നൽ ഒഴിവാക്കി
നാലുഭാഗത്തും നിന്നും വരുന്ന വാഹനങ്ങൾക്ക് ഒരേസമയം തടസം കൂടാതെ കടത്തിവിടാനാണ് ക്ളോവർ പാലം പണിയുന്നത്.
വല്ലാർപാടം കണ്ടെയ്നർ
ടെർമിനലിലേക്ക് പോകുന്ന വലിയ ലോറികളുടെ യാത്രയും മറ്റും
കണക്കുകൂട്ടി വളരെ ആസൂത്രണത്തോടെയാണ് പാലം വിഭാവനം ചെയ്തത്. പാലത്തിന് മാത്രം ആറ് ഏക്കറോളം സ്ഥലം വേണ്ടിവരും. അതാണ് പ്രദേശവാസികളുടെ ശക്തമായ എതിർപ്പിന്കാരണം.
പ്രാഥമിക ആരോഗ്യകേന്ദ്രവും അംഗൻവാടിയുമൊക്കെ മാറ്റേണ്ടിവരും. ഇവിടെ റോഡ് 30മീറ്റർ വീതിയിൽ തന്നെ തുടരണമെന്നുള്ള നിലപാട് നടപ്പാക്കാൻ കഴിയില്ല .
കൂടുതൽ സ്ഥലം വേണ്ടിവരുന്ന ജംഗ്ഷന്റെ ഒരു ഭാഗം സ്വകാര്യ കമ്പനി വക സ്ഥലമാണ്.
ഇവിടെ ജനവാസം ഇല്ല. താരതമ്യേന കുടിയൊഴിപ്പിക്കലും കുറച്ചേ വേണ്ടൂെവെന്ന് ദേശീയ പാത അധികൃതർ പറയുന്നു. ഏതാനും വീടുകൾ അനധികൃത കൈയേറ്റ ഭൂമിയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.
സ്ഥലമെടുപ്പ് നടപടികൾ ഉടൻ വീണ്ടും തുടങ്ങുമെന്നാണ് ദേശീയപാത അതോറിറ്റി വൃത്തങ്ങൾ പറഞ്ഞത്.
മുന്നൂറോളം കുടുംബങ്ങളെ ബാധിക്കും
ചേരാനല്ലൂരിലെ നിർദിഷ്ട ക്ളാവർ പാലം മുന്നൂറോളം കുടുംബങ്ങളെ ബാധിക്കും. ആരോഗ്യകേന്ദ്രം, രണ്ട് അംഗൻവാടി, ഏതാനും ആരാധനയാലയങ്ങൾ തുടങ്ങിയവ പൊളിക്കേണ്ടി വരും. അതുകൊണ്ടാണ് പാലത്തിനെതിരെ പ്രതിഷേധം ഉയരുന്നത്.
സോണി,ചേരാനല്ലൂർ പഞ്ചായത്തു പ്രസിഡണ്ട്
ക്ളോവർ ലീഫ് പാലം
ക്ളോവർ ചെടിയുടെ ഇലയ്ക്ക് സമാനമായ രൂപരേഖ. നാല് റൗണ്ടുകളും ഒരു ഫ്ളൈഓവർ ഉൾപ്പെടുന്നു. ജംഗ്ഷനിൽ സിഗ്നലുകൾ വേണ്ട. ഒരുതടവുമില്ലാതെ ഏത് ദിശയിലേക്കും സഞ്ചരിക്കാം. പ്രധാന ന്യൂനത കൂടുതൽ സ്ഥലം വേണമെന്നത്. കേരളത്തിൽ ഇപ്പോൾ ഇത്തരം പാലമില്ല. ചെന്നൈയിലും ബംഗളുരുവിലും മൈസൂരുവിലുമൊക്കെ
വളരേ മുമ്പുതന്നെ നിർമ്മിച്ചിട്ടുണ്ട്.
കേരളത്തിലെ ആദ്യ ക്ളോവർ ലീഫ്
കേരളത്തിലെ ആദ്യ ക്ളോവർ ലീഫ് പാലമാണ് ദേശീയ പാത അതോറിറ്റി ചേരാനല്ലൂർ ജംഗ്ഷനിൽ വിഭാവനം ചെയ്യുന്നത്.
കന്യാകുമാരി - പനവേൽ (മുംബയ്) ഹൈവേയായ എൻ.എച്ച് 66ലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നാണ് ചേരാനല്ലൂർ.