വൈപ്പിൻ: സംസ്ഥാനപാതയിൽ എടവനക്കാട് അണിയൽ സ്റ്റോപ്പിൽ നിന്ന് നെടുങ്ങാട്ടേക്കുള്ള സഹോദരൻ അയ്യപ്പൻ റോഡിന് വീണ്ടും ബോർഡ് സ്ഥാപിച്ചു. ഗ്രാമപഞ്ചായത്ത് വക ബോർഡ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിരുന്നു. ബോർഡ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികൃതരെ സമീപിച്ച എടവനക്കാട് സൗത്ത് എസ്.എൻ.ഡി.പി. ശാഖാ ഭാരവാഹികളോട് ബോർഡ് സ്ഥാപിക്കാൻ സ്‌പോൺസറെ കണ്ടെത്തണമെന്നാണ് അധികൃതർ ഉപദേശിച്ചത്. ഇതേത്തുടർന്ന് എസ്.എൻ.ഡി.പി. ശാഖാ ഭാരവാഹികൾ ബോർഡ് സ്ഥാപിക്കുകയായിരുന്നു.
ബോർഡിന്റെ അനാവരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.യു. ജീവൻമിത്ര, വൈപ്പിൻ യൂണിയൻ സെക്രട്ടറി പി.ഡി. ശ്യാംദാസ് എന്നിവർ ചേർന്ന് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ബെന്നി, അംഗങ്ങളായ എം.കെ. നടേശൻ, വി.കെ. ഇക്ബാൽ, ശാഖായോഗം പ്രസിഡണ്ട് പി.കെ. ജയപ്രസാദ്, സെക്രട്ടറി ടി.പി. സജീവൻ, അണിയൽ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് തിലകൻ കാട്ടൂർ, ഐ.പി. ബാബു തുടങ്ങിയവർ സംബന്ധിച്ചു.