കൊച്ചി : നഗരത്തിലെ കാനയിൽ വീണു പരിക്കേറ്റ വടുതല സ്വദേശി റിച്ചാർഡ് മെന്റിസിന് ഒരു ലക്ഷം രൂപ ചികിത്സാച്ചെലവിനത്തിൽ നൽകാൻ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഒാംബുഡ്സ്‌മാൻ ഉത്തരവിട്ടത് ഹൈക്കോടതി ശരിവച്ചു. കൊച്ചി നഗരസഭ നൽകിയ ഹർജി തള്ളിയാണ് സിംഗിൾബെഞ്ചിന്റെ നടപടി.
കാനയ്ക്ക് മുകളിൽ കുറച്ചു ഭാഗത്ത് മാത്രമാണ് സ്ളാബുണ്ടായിരുന്നതെന്നും കാന ശരിയായി മൂടിയിരുന്നെങ്കിൽ തനിക്ക് അപകടം സംഭവിക്കുമായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി നഗരസഭ അധികൃതർക്കെതിരെ റിച്ചാർഡ് മെന്റിസ് ഒാംബുഡ്സ്‌മാന് പരാതി നൽകിയിരുന്നു. കാന ശരിയായി സംരക്ഷിക്കാത്ത നഗരസഭയുടെ നടപടി നിയമവിരുദ്ധമാണെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ചികിത്സാച്ചെലവിനത്തിൽ ഒരു ലക്ഷം രൂപ നൽകാൻ ഉത്തരവിട്ടത്.
അംഗപരിമിതനായ റിച്ചാർഡിന്റെ ശാരീരികമായ വൈകല്യം നിമിത്തമാണ് അപകടമുണ്ടായതെന്നും കാനയ്ക്ക് മുകളിൽ സ്ളാബ് ഉണ്ടായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് കോർപ്പറേഷൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജിയിൽ സത്യവാങ്മൂലം നൽകിയ റിച്ചാർഡ് മെന്റിസ് 64, 000 രൂപയുടെ ചികിത്സാച്ചെലവിന്റെ ബില്ലും ഹാജരാക്കി. തുടർന്ന് വിശദമായി വാദം കേട്ട സിംഗിൾബെഞ്ച് ഒാംബുഡ്സ്‌മാന്റെ ഉത്തരവിൽ ഇടപെടാൻ ന്യായമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.