busstand
മൂവാറ്റുപുഴ മാർക്കറ്റ് ബസ് സ്റ്റാൻഡ്

മൂവാറ്റുപുഴ: നഗരത്തിൽ വന്നുപോകുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ഏറെ കൊട്ടിഘോഷിച്ചാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് കോടികൾ മുടക്കി മൂവാറ്റുപുഴ മാർക്കറ്റ് ബസ് സ്റ്റാൻഡ് സമുച്ചയം സ്ഥാപിച്ചത്. എന്നാൽ ഇപ്പോൾ അധികാരികളുടെ അനാസ്ഥകാരണം സ്റ്റാൻഡിന്റെ മരണമണി മുഴങ്ങുകയാണ്. ബസ് സ്റ്റാൻഡ് ആക്രിക്കച്ചവടക്കാരുടെ ഗോഡൗണായി മാറിക്കഴിഞ്ഞു. സ്റ്റാൻഡിനുള്ളിലും പുറത്തും പൊളിക്കുവാനുള്ള വാഹനങ്ങൾ കൊണ്ടു വന്നിട്ടിരിക്കുകയാണ്.

# തകർന്ന ബസ് സ്റ്റാൻഡ്

നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കാവുങ്കര ബസ് സ്റ്റാൻഡിൽ ഒരുക്കിയിരുന്ന അടിസ്ഥാന സൗകര്യങ്ങളെല്ലാം നശിച്ചു. ബസ് സ്റ്റാൻഡിന്റെ പ്രവർത്തനമാകെ താളം തെറ്റി.സ്റ്റാൻഡിലെ ചില ഭാഗങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ട് വെള്ളം നിറഞ്ഞുകിടക്കുന്നു. പരിസരമാകെ പലതരത്തിലുള്ള മാലിന്യനിക്ഷേപവും. ഇവിടത്തെ ശൗചാലയവും പൂട്ടിക്കിടക്കുന്നു. ഇവിടേക്ക് യാത്രക്കാർ ആരും വരാറില്ല. പകലും രാത്രിയും ഇവിടം തെരുവു നായ്ക്കളുടെ പിടിയിലാണ്. ബസ് സ്റ്റാൻഡിലെ കാത്തിരിപ്പുകേന്ദ്രം ഇതര സംസ്ഥാനക്കാരുടെ വിശ്രമകേന്ദ്രമായി മാറിക്കഴിഞു.

ഇരുനിലകളിലായി മനോഹരമായ രീതിയിൽ നിർമിച്ച മന്ദിരത്തിന്റെ താഴത്തെ നിലയിൽ കാത്തിരിപ്പ് സ്ഥലവും മുകളിൽ ബസ് ജീവനക്കാർക്കുള്ള വിശ്രമമുറികളും അനൗൺസ്‌മെന്റ് മുറിയും ശൗചാലയവുമാണുള്ളത്. ഉദ്ഘാടനം നടത്തി ഒന്നര പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇവിടെ ചില ബസുകൾ വന്നുപോകുന്നുവെന്നതല്ലാതെ മറ്റ് സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ തയാറായില്ല. ജീവനക്കാരുടെ മുറികൾ തുറന്നു നൽകാനോ മറ്റു സൗകര്യങ്ങൾ ഏർപ്പെടുത്താനോ വാച്ചറെ നിയോഗിക്കാനോ കഴിഞ്ഞിട്ടില്ല. നാഥനില്ലാത്ത സ്ഥിതി ആയതോടെ ജീവനക്കാർക്കുള്ള മുറികളടക്കം സാമൂഹികവിരുദ്ധർ കൈയടക്കി. ശുചീകരണ പ്രവർത്തനം നടന്നിട്ട് മാസങ്ങളായി. മുനിസിപ്പൽ അധികാരികൾ ഇതൊന്നും അറിഞ്ഞമട്ട് കാണിക്കുന്നില്ല.

തൊടുപുഴ, പിറവം, ആരക്കുഴ, കോട്ടയം തുടങ്ങിയ മേഖലകളിൽനിന്ന് വരുന്ന ബസുകളാണ് മാർക്കറ്റ് സ്റ്റാൻഡിൽ എത്തേണ്ടത്. എന്നാൽ ഇവ പലതും ഇ.ഇ.സി മാർക്കറ്റ് റോഡിലാണ് പാർക്കുചെയ്യുന്നത്.