ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് സെക്രട്ടറി കസേരക്ക് 'ശനിദശ'യാണെന്നാണ് ജീവനക്കാരും ഗ്രാമപഞ്ചായത്ത് അംഗങ്ങളും രഹസ്യമായെങ്കിലും പറയുന്നത്. അത്രയേറെ വേഗത്തിലാണ് സെക്രട്ടറിയായി ചുമതലയേൽക്കുന്നവർ കസേര ഉപേക്ഷിച്ച് വഴി മാറി പോകുന്നത്.

നിലവിലുള്ള പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റ ശേഷം മാത്രം അര ഡസനിലേറെ സെക്രട്ടറിമാർ ചുമതലയേറ്റ ശേഷം സ്ഥലം മാറ്റം വാങ്ങിപ്പോയി. രണ്ടാഴ്ച മുമ്പ് ചുമതലയേറ്റ സെക്രട്ടറിയും കഴിഞ്ഞയാഴ്ച്ച സ്ഥലം വിട്ടു. സാജിത അബ്ബാസ് പ്രസിഡന്റായ ശേഷം മാത്രമുള്ള പ്രതിഭാസമല്ലഇത്. എം.എ.എം. മുനീർ പ്രസിഡന്റായ മുൻ ഭരണ സമിതി ഇരുന്നപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. തരക്കേടില്ലാത്ത നികുതി വരുമാനമുള്ള സമ്പന്നമായ പഞ്ചായത്താണിത്. എന്നിട്ടും എന്തുകൊണ്ടാണ് സെക്രട്ടറിമാർ വാഴാത്തതെന്ന് ചോദിച്ചാൽ ആർക്കും ഉത്തരമില്ല.

നിരവധി വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന നാലാംമൈൽ വ്യവസായ മേഖലയുടെ ഒരു ഭാഗം എടത്തല പഞ്ചായത്തിലാണ്. നിരവധി സ്വകാര്യ - അർദ്ധ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളും എടത്തലയിലുണ്ട്. ഇത്രയേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ഒരു പഞ്ചായത്ത് സമീപത്ത് എവിടെയുമില്ല. ആർട്ട്സ് കോളേജുകൾ, എൻജിനിയറിംഗ് കോളേജുകൾ, ലോ കോളേജ് തുടങ്ങി നിരവധി കോളേജുകൾ,മെഡിക്കൽ കോളേജിനുള്ള അംഗീകാരത്തിനായി കാത്തുനിൽക്കുന്ന രാജഗിരി ആശുപത്രി എന്നിവയെല്ലാം എടത്തലയിലാണ്. എന്നിട്ടും സെക്രട്ടറിമാർ വാഴുന്നില്ല.

സർട്ടിഫിക്കറ്റുകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി എത്തുന്നവരാണ് ഏറെ കഷ്ടത്തിലാകുന്നത്. അപേക്ഷകളിൽ അന്വേഷിക്കാൻ ഉത്തരവിട്ട് റിപ്പോർട്ട് ആകുമ്പോഴേക്കും സെക്രട്ടറി മാറിയിട്ടുണ്ടാകും.. ഒരു ഇരുമ്പുരുക്ക് കമ്പനിക്ക് അനധികൃതമായി ലൈസൻസ് നൽകണമെന്ന ചിലരുടെ സമ്മർദ്ദമാണ് ഒടുവിലെത്തിയ രണ്ട് സെക്രട്ടറിമാർ സ്ഥലംവിടാൻ കാരണമെന്ന് പറയപ്പെടുന്നു.