ഗൗരവമുള്ളപ്രശ്‌നമാണെന്ന് മന്ത്രി എ.സി. മൊയ്തീൻ നഗരസഭാധികൃതരെ വിളിച്ച് വരുത്തും
ആലുവ: നിരവധി കുടിവെള്ള പദ്ധതികളുള്ള പെരിയാറിലേക്ക് നഗരമാലിന്യങ്ങളൊഴുക്കുന്നത് ഗൗരവമുള്ളപ്രശ്‌നമാണെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. മലിന ജല സംസ്‌കരണ പ്ലാൻറ് പ്രവർത്തിപ്പിക്കാതെ ജലശുദ്ധീകരണ ശാലയ്ക്കടുത്തേക്ക് മലിനജലമൊഴുകുന്ന സാഹചര്യത്തെ കുറിച്ചാരായാൻ നഗരസഭാധികൃതരെ വിളിച്ച് വരുത്തുമെന്നും മന്ത്രി പറഞ്ഞു.
ആലുവ നഗരസഭയിലെ പ്രവർത്തനരഹിതമായി കിടക്കുന്ന മലിന ജല സംസ്‌കരണ പ്ലാൻറ് റീബിൽഡ് കേരളയിൽ ഉൾപെടുത്താൻ ശ്രമിക്കും. ആലുവ പോലുള്ള പ്രധാന നഗരത്തിൽഎന്തുകൊണ്ട് പ്ലാൻറ് പ്രവർത്തിക്കുന്നില്ലെന്നുംഅന്വേഷിക്കും. കഴിഞ്ഞയാഴച്ച ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ജല ശുദ്ധീകരണ ശാലക്കടുത്ത് മലിനജലം പതിക്കുന്ന ഭാഗം സന്ദർശിച്ചിരുന്നു. പുഴയിലേക്ക് മാലിന്യമൊഴുകി എത്തുന്നത് നേരിൽ കണ്ട മന്ത്രി ഉടൻ വാട്ടർ അതോറിട്ടി എംഡി യോട് അന്വേഷണം നടത്താനും ഉത്തരവിട്ടിരുന്നു.
അദ്വൈതാശ്രമത്തിന് സമീപത്തെ മലിനജല സംസ്‌കരണ പ്ലാൻറ് പ്രവർത്തിക്കാത്തതിനാൽ മാരകമായ വിഷാംശങ്ങളടങ്ങിയ മാലിന്യങ്ങൾ വരെ പുഴയിലെത്തുന്നു.
നഗരത്തിലെ കെട്ടിടങ്ങളിലെ മാലിന്യമെല്ലാം അഴുക്ക് കാനകളിലേക്കാണ് എത്തുന്നത്. ഭൂരിഭാഗം കെട്ടിടങ്ങളിലേയും ശൗചാലയ മാലിന്യം വരെ.
നഗരത്തിലെ കെട്ടിടങ്ങളിലെ മാലിന്യമെല്ലാം അഴുക്ക് കാനകളിലേക്കാണ് എത്തുന്നത്. ഭൂരിഭാഗം കെട്ടിടങ്ങളിലേയും ശൗചാലയ മാലിന്യങ്ങളും കാനകളിലേക്ക് വിടുന്നുണ്ട്.
ആശുപത്രികൾ, ഹോട്ടലുകൾ, അറവ് ശാലകൾ എന്നിവിടങ്ങളിലെ മാലിന്യങ്ങളും ഇത്തരത്തിൽ പുഴയിലെത്തുന്നുണ്ട്. മാർക്കറ്റിന്റെ പിറക് വശത്തും ആശ്രമത്തിന് സമീപവുമാണ് പ്രധാന കാനകൾ പുഴയിൽ ചേരുന്നത്.
ആശ്രമം ഭാഗത്തെ കാനയോടനുബന്ധിച്ച് മലിനജല ശുചീകരണ പ്ലാൻറുണ്ട്. എന്നാൽ, ഇതിന്റെ പ്രവർത്തനം നിലച്ചിട്ട് നാളുകളായി. ശുചീകരിക്കാത്ത ജലമാണ് ഇവിടെനിന്ന് പുഴയിലേക്ക് എത്തുന്നത്.പെരിയാറിൽ വെള്ളമെത്തുന്ന കാനയോട് ചേർന്നാണ് ജലശുചീകരണ ശാലയിലേക്ക് വെള്ളമെടുക്കുന്ന പമ്പ് ഹൗസുകൾ സ്ഥിതി ചെയ്യുന്നത്.
പശ്ചിമകൊച്ചി ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവർ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ആലുവ പെരിയാറിനെയാണ്.