പാലാരിവട്ടം ഫ്‌ളൈഓവർ അടിച്ചിട്ട് രണ്ടരമാസം
കുരുക്കിൽപ്പെട്ട് ജനങ്ങൾ പെരുവഴിയിൽ
കൊച്ചി:പതിമൂന്ന് കോടി രൂപയുടെ കുടിശിക ലഭിക്കാതെയായതോടെ വൈറ്റില ഫ്‌ളൈഓവർ നിർമ്മാണം കരാറുകാരായ ശ്രീ ധന്യ കൺസ്‌ട്രക്ഷൻസ് നിറുത്തിവച്ചു. ഇതു സംബന്ധിച്ച് കിഫ്ബിക്കും റോഡ് ഫണ്ട് ബോർഡിനും കത്ത് നൽകി. പുതുക്കിയ കരാറിന് എട്ടുമാസമായി കിഫ്ബി അനുമതി നൽകാത്തതും പണി നിലയ്‌ക്കാൻ ഇടയാക്കി.
ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ പത്തിനും നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവച്ചിരുന്നു. അന്ന് നടന്ന ചർച്ചയിൽ ഉടൻ പണവും പുതുക്കിയ കരാറിന് അനുമതിയും നൽകാമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ 11 ന് നിർമ്മാണം പുനരാരംഭിച്ചു. ഉറപ്പുകൾ ലംഘിക്കപ്പെട്ടതോടെ ഇന്നലെ മുതൽ പണി വീണ്ടും മുടങ്ങി.
78.36 കോടി രൂപയ്‌ക്കാണ് ശ്രീധന്യയ്‌ക്ക് കരാർ. പണി നിറുത്തിയതിനെക്കുറിച്ച് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.കരാറുകാർക്ക് പണം ലഭിക്കാതെയായതോടെ മാസങ്ങളായി പണി ഇഴയുകയായിരുന്നു.
കുരുക്കിലായത് ജനങ്ങൾ
വൈറ്റില ഫ്‌ളൈഓവർ നിർമ്മാണം തുടങ്ങിയതു മുതൽ പാലാരിവട്ടം - വൈറ്റില ബൈപ്പാസിൽ ഗതാഗതക്കുരുക്കായിരുന്നു. പാലാരിവട്ടം ഫ്‌ളൈഓവർ തകരാർ മൂലം അടച്ചതോടെ ജനങ്ങൾ ദുരിതക്കയത്തിലായി. രണ്ടര മാസമായിട്ടും പാലാരിവട്ടം പാലം തുറക്കാനായില്ല. കുറെ ഭാഗം പൊളിച്ചു പണിയണമെന്ന ഇ.ശ്രീധരന്റെ റിപ്പോർട്ടിൽ സർക്കാർ ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ ദേശീയപാതയിലെ കുരുക്ക് ഉടനെയൊന്നും അഴിയില്ലെന്ന് ഉറപ്പായി.