പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന ഫോർ ഫ്യൂച്ചർ വിദ്യാഭ്യാസ പരിശീലന പദ്ധതിയിലേക്ക് അപേക്ഷിക്കാം. നിയോജക മണ്ഡലത്തിൽ താമസിക്കുന്നവർക്കും മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നേതൃത്വം നൽകുന്ന ഇൻസ്‌പെയർ പെരുമ്പാവൂർ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നത്.
പ്രവേശനപരീക്ഷയിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്കാണ് പ്രവേശനം. പരീക്ഷയിൽ മികവ് തെളിയിക്കുന്നവർക്ക് ട്യൂഷൻ ഫീസിൽ ഇളവുണ്ട്. പഠന സാമഗ്രികൾക്കും പരീക്ഷകൾക്കുമുള്ള ഫീസ് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾ നൽകണം. ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും മറ്റ് പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസുകൾ നടത്തുന്നത്.
ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ഫൗണ്ടേഷൻ കോഴ്സിനാണ് പ്രവേശനം നൽകുന്നത്. ഐ.ഐ.ടി - ജെ.ഇ.ഇ, എയിംസ്, നീറ്റ്, എൻ.ടി.എസ്.ഇ എന്നീ പരീക്ഷകൾക്ക് പ്രാപ്തരാക്കുകയാണ് ഫൗണ്ടേഷൻ കോഴ്സിന്റെ ലക്ഷ്യം.
ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് മെഡിക്കൽ, എൻജിനിയറിംഗ്, ശാസ്ത്ര പഠന ഗവേഷണ സ്ഥാപനങ്ങളിലും മറ്റു പൊതു പ്രവേശന പരീക്ഷകളിലും ഉന്നതവിജയം നേടുവാൻ കഴിയുന്ന രീതിയിലുമാണ് പരിശീലനം. മെഡിക്കൽ സയൻസ്, പൊതുഭരണം, ശാസ്ത്ര സാങ്കേതികം, ഗവേഷണം, ജുഡീഷ്യറി തുടങ്ങിയ പ്രധാന മേഖലകളിൽ സമർത്ഥരായ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് എം.എൽ.എ അറിയിച്ചു