കൊച്ചി : എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായിരുന്ന കണ്ണൂർ സ്വദേശിനി ഷംന തസ്നീം (22) ചികിത്സാപ്പിഴവിനെ തുടർന്ന് മരിച്ച സംഭവത്തിൽ ഒരുകോടി രൂപ നഷ്ടപരിഹാരം തേടി അമ്മ ഷെരീഫ എറണാകുളം സബ് കോടതിയിൽ കേസ് ഫയൽ ചെയ്തു. സർക്കാരിനുവേണ്ടി ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് അഡി. ചീഫ് സെക്രട്ടറി, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ, എറണാകുളം ജില്ലാ കളക്ടർ, ഡോ. ജിൽസ് ജോർജ്, ഡോ. കൃഷ്‌ണമോഹൻ എന്നിവരാണ് എതിർ കക്ഷികൾ.
പനിയെത്തുടർന്ന് ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഷംന കുത്തിവെപ്പിനെത്തുടർന്നാണ് കുഴഞ്ഞു വീണു മരിച്ചത്. 2016 ജൂലായ് 18 നായിരുന്നു സംഭവം. മകളുടെ മരണത്തെത്തുടർന്ന് നിയമപോരാട്ടം നടത്തി വന്ന പിതാവ് അബൂട്ടി 2018 ഒക്ടോബറിൽ വിദേശത്തുവച്ച് കുഴഞ്ഞുവീണു മരിച്ചു. വിസ പുതുക്കാനായി മസ്കറ്റിൽ എത്തിയപ്പോഴായിരുന്നു സംഭവം.
ഷംനയുടെയും അബൂട്ടിയുടെയും മരണത്തോടെ കുടുംബത്തിന്റെ പ്രതീക്ഷയാണ് ഇല്ലാതായതെന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ വേണമെന്നും ഹർജിയിൽ പറയുന്നു. നേരത്തെ ഈ ആവശ്യമുന്നയിച്ച് ഷെരീഫ സർക്കാരിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു. മറുപടി ലഭിച്ചില്ല.