ആലുവ: തോട്ടുമുഖം കീരംക്കുന്നിൽ വീടുകളുടെ സിറ്റൗട്ടിലും മുറ്റത്തും കണ്ടെത്തിയ രക്തം മൃഗങ്ങളുടേതാണെന്ന് മെഡിക്കൽ പരിശോധനയിൽ വ്യക്തമായി. കാക്കനാട് ലാബിലാണ് രക്തത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നത്. രക്തത്തുള്ളികൾ കണ്ടെത്തിയ വീടുകൾക്ക് സമീപത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൊബൈൽഫോൺ ആലുവ തുരുത്തിൽ വാടകക്ക് താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശി നസിറുദ്ദീന്റേതാണെന്നും വ്യക്തമായതായി എസ്.ഐ ജി. അരുൺ പറഞ്ഞു. എന്നാൽ പരിസരത്ത് മുറിവേറ്റ നിലയിൽ മൃഗങ്ങളെ കണ്ടെത്താനാകാത്തതും മൃഗങ്ങളെ മുറിവേൽപ്പിക്കാനുള്ള കാരണവും പൊലീസിന് കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ 11ന് പുലർച്ചെയാണ് കീരംകുന്നിൽ ഏഴ് വീടുകളുടെ മുറ്റത്തും സിറ്റൗട്ടിലും രക്തത്തുള്ളികൾ കണ്ടെത്തിയത്. സമീപത്തെ വഴിയിലും രക്തം വീണിരുന്നു. സമീപത്തെ ചവറുകൂനയിൽ നിന്നാണ് മൊബൈൽഫോൺ നാട്ടുകാർക്ക് ലഭിച്ചത്. കഴിഞ്ഞ ഏഴാം തീയതി മുതൽ ഫോൺ കാണാതായെന്നാണ് നസിറുദ്ദീൻ പൊലീസിനോട് വെളിപ്പെടുത്തിയത്. ഫോണിലേക്ക് വിളിച്ചയാളെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉടമയെ പൊലീസ് കണ്ടെത്തിയത്.