ആലുവ: തോട്ടയ്ക്കാട്ടുകര ജി.സി.ഡി.എ കോളനിയിൽ വീട് കുത്തി തുറന്ന് 30 ലക്ഷം രൂപയുടെ കവർച്ച നടത്തിയ കേസിൽ ആലുവ സി.ഐയുടെ നേതൃത്വത്തിൽ 30 അംഗ ടീം. ആറ് സ്ക്വാഡുകളായി തിരിഞ്ഞാണ് അന്വേഷണം. ആറ് ദിവസം പിന്നിട്ടിട്ടും കേസന്വേഷണത്തിൽ പുരോഗതിയില്ലാത്തത് പൊലീസിനെ വലയ്ക്കുകയാണ്.

അടുത്തിടെ നടന്ന വൻകിട കവർച്ച കേസുകളിലെ പ്രതികളെയൊന്നും പൊലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഈ പട്ടികയിലേക്ക് ഈ കേസും പോകുമോയെന്ന ആശങ്കയുമുണ്ട്.

അന്വേഷണം വിലയിരുത്താൻ സ്ക്വാഡ് തലവൻമാരെ ഇന്നലെ എസ്.പി കെ. കാർത്തിക് ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസന്വേഷണങ്ങളിൽ മികവ് തെളിയിച്ചവരാണ് സ്ക്വാഡ് അംഗങ്ങൾ.

ഇന്നലെയും ഈ മേഖലയിലെ മറ്റ് കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.

നഗരത്തിലെയും തോട്ടക്കാട്ടുകരയിലെയും ലോഡ്ജുകളിൽ കവർച്ച ദിവസം തങ്ങിയവരുടെ വിവരങ്ങളും അവരുടെ മൊബൈൽ ഫോൺ ടവർ ലോക്കെഷനുമെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. സംശയമുള്ള നാല് വിരലടയാളങ്ങൾ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. തോട്ടയ്ക്കാട്ടുകര ജി.സി.ഡി.എ റോഡിൽ പൂണേലിൽ ജോർജ്ജിന്റെ വീട്ടിലെ കിടപ്പു മുറിയിലെ ഡിജിറ്റൽ ലോക്കറിൽ നിന്ന് 25 ലക്ഷം രൂപയുടെ വജ്രാഭരണങ്ങൾ, 20 പവൻ സ്വർണം, 65,000 രൂപ, 2000 യു.എസ്. ഡോളർ, 800 പൗണ്ട് എന്നിവയാണ് മോഷണം പോയത്.