maneesh
മനീഷ്

കൊച്ചി:എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം യുവാക്കളെ ആക്രമിച്ച് സ്വർണാഭരണം കവർന്ന ചേർത്തല അരൂക്കുറ്റി വടുതല ചെട്ടിപ്പറമ്പിൽ മനീഷ് പ്രകാശ് (23), എറണാകുളം മൊണാസ്ട്രി റോഡിൽ മേലേകാട്ടുപ്പറമ്പ് വീട്ടിൽ അജിത്ത് (23), സഹോദരൻ അരുൺരാജ് (25) എന്നിവരെ സെൻട്രൽ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം.

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തുള്ള ലൂസിയ ബാറിന് സമീപം നിന്നിരുന്ന കളമശേരി സ്വദേശിയായ യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച പ്രതികൾ യുവാവിന്റെ ഒന്നര പവന്റെ സ്വർണമാല കവരുകയായിരുന്നു. തടയാൻ ശ്രമിച്ച യുവാവിനെയും സുഹൃത്തിനെയും കത്തിയും ബിയർ കുപ്പിയും വീശി ഭയപ്പെടുത്തിയ ശേഷം പ്രതികൾ സ്ഥലം വിട്ടു.
യുവാവിന്റെ പരാതിയിൽ സെൻട്രൽ പൊലീസ് കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രതികളെ തിരിച്ചറിഞ്ഞു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒന്നാം പ്രതിയായ മനീഷിനെ രാജാജി റോഡിലുള്ള ഫ്രണ്ട്സ് ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്‌തതോടെ സഹോദരങ്ങളായ മറ്റ് രണ്ടു പേരെ വീട്ടിൽനിന്ന് പിടികൂടി. കവർച്ചചെയ്ത മാലയുടെ ഒരു ഭാഗം മനീഷ് താമസിച്ചിരുന്ന ലോഡ്ജ് മുറിയിൽ നിന്ന് കണ്ടെടുത്തു.
എറണാകുളം അസി.കമ്മിഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ സെൻട്രൽ ഇൻസ്‌പെക്ടർ എസ്. വിജയശങ്കർ.എസ്.ഐമാരായ വിബിൻദാസ്, സുനുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.