george-alencherry

കൊച്ചി: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ ഒരു വിഭാഗം വൈദികർ ബിഷപ്പ് ഹൗസിൽ അനിശ്‌ചിതകാല നിരാഹാരസമരം തുടങ്ങി. കത്തോലിക്കാ സഭയുടെ ഇന്ത്യയിലെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കർദ്ദിനാളിനെതിരെ വൈദികർ പരസ്യമായി സമരമുഖത്തിറങ്ങുന്നത്. അപ്രതീക്ഷിത നീക്കങ്ങൾക്കൊടുവിലാണ് വൈദികർ എറണാകുളം - അങ്കമാലി അതിരൂപത ആസ്ഥാനം സമരവേദിയാക്കിയത്.

കർദ്ദിനാളിനെതിരായ വ്യാജരേഖ കേസിൽ എറണാകുളം - അങ്കമാലി അതിരൂപത വൈദികസമിതി മുൻ സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടനെ ബുധനാഴ്ച പ്രത്യേകാന്വേഷണസംഘം രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. കൂടുതൽ വൈദികരിൽ നിന്ന് മൊഴിയെടുക്കുമെന്നും പൊലീസ് സൂചന നൽകി. ഇതോടെ ഇന്നലെ രാവിലെ 11 മണിയോടെ കർദ്ദിനാളുമായി ചർച്ച നടത്താൻ ഒരു വിഭാഗം വൈദികർ തീരുമാനിച്ചു. പൊലീസ് നടപടിയിലെ ആശങ്ക അറിയിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. രണ്ടു മണിക്കൂറോളം ചർച്ച നടന്നു. എല്ലാം തീരുമാനിക്കുന്നത് വത്തിക്കാനെന്നായിരുന്നു കർദ്ദിനാളിന്റെ മറുപടി. മുൻകൂട്ടി നിശ്‌ചയിച്ചിരുന്ന ഒരു പരിപാടിയിൽ പങ്കെടുക്കാനായി ഉച്ചയ്‌ക്ക് ഒന്നരയോടെ കർദ്ദിനാൾ തൃശൂരിലേക്ക് പോയി. ഇതിനു തൊട്ടുപിന്നാലെ ബിഷപ്പ് ഹൗസിൽ അനിശ്‌ചിതകാല നിരാഹാരസമരം തുടങ്ങുകയാണെന്ന് വൈദികർ പ്രഖ്യാപിക്കുകയായിരുന്നു.

ഫാ. ജോസഫ് പാറേക്കാട്ടിലാണ് ഇപ്പോൾ നിരാഹാരമിരിക്കുന്നത്. 20 ലധികം വൈദികർ പിന്തുണയറിയിച്ച് ബിഷപ്പ് ഹൗസിലുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങൾ മുന്നിൽകണ്ട് സ്ഥലത്ത് പൊലീസിനെ വിന്യസിച്ചു.

വൈദികർ ആവശ്യപ്പെടുന്നത്

 കർദ്ദിനാൾ ആലഞ്ചേരിയെ സിനഡ് അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുക

 എറണാകുളം - അങ്കമാലി അതിരൂപതയുടെ ചുമതലയിൽനിന്ന് ഒഴിവാക്കുക

 അതിരൂപതയ്‌ക്ക് സ്വതന്ത്ര ചുമതലയുള്ള ആർച്ച് ബിഷപ്പിനെ നിയമിക്കുക

 വൈദികർക്കെതിരായ വ്യാജരേഖ കേസ് പിൻവലിക്കുക

 സ്ഥിരം സിനഡ് അംഗങ്ങൾ നേരിട്ടെത്തി ചർച്ച നടത്തുക

 ചുമതലയിൽ നിന്ന് ഒഴിവാക്കിയ സഹായമെത്രാൻമാരെ തിരികെ വിളിക്കുക