കൊച്ചി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ( കെ.എസ്.ടി.എ )എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (ശനി) കാക്കനാട് വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലേക്ക് അദ്ധ്യാപകർ മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10.30 ന് കാക്കനാട് ബസ് സ്റ്റാൻഡിന് സമീപത്തു നിന്നാരംഭിക്കുന്ന മാർച്ച് സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപിക്കും. ധർണ മുൻ എം.പി. പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രാഘവൻ സംസാരിക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ശക്തിപ്പെടുത്തുക, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ പോരാട്ടങ്ങൾ ശക്തമാക്കുക, വർഗീയത ചെറുക്കുക, മതനിരപേക്ഷത സംരക്ഷിക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ നിലപാടുകൾക്ക് ശക്തിപകരുക, വിദ്യാഭ്യാസ മേഖലക്കുള്ള കേന്ദ്രവിഹിതം വർദ്ധിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രക്ഷോഭം. ജില്ലാ സെക്രട്ടറി ബെന്നി കെ.വി, വൈസ് പ്രസിഡന്റ് മാഗി തുടങ്ങിയവർ വിശദീകരിച്ചു.