പെരുമ്പാവൂർ: കുട്ടികളെ ജൈവപച്ചക്കറി കൃഷിയെക്കുറിച്ച് ബോധവത്കരിക്കാൻ പെരുമ്പാവൂർ ലയൺസ്‌ക്ലബ് രംഗത്ത്. പെരുമ്പാവൂരിലെയും പരിസര പ്രദേശത്തെയും തിരഞ്ഞെടുത്ത ആറു സ്‌കൂളുകളിൽ കൃഷിഫാം ഇൻ യുവർ സ്‌കൂൾ പദ്ധതി ആദ്യഘട്ടമായി നടപ്പാക്കും. ഉയർന്ന ഗുണനിലവാരമുള്ള തക്കാളി, പച്ചമുളക്, വെണ്ട, കോവൽ, ചീര, വഴുതന,പയർ തുടങ്ങിയവയാണ് കൃഷിചെയ്യുന്നത്.
ഗവ. ഹയർസെക്കൻഡറി സ്‌കൂൾ സൗത്ത് വാഴക്കുളം, ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ഇരിങ്ങോൾ, ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മുടിക്കൽ, ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പെരുമ്പാവൂർ, ഗവ. ഹയർസെക്കൻഡറി സ്‌കൂൾ അകനാട്, ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ചേരാനെല്ലൂർ എന്നിവയാണ് ഈ സ്‌കൂളുകൾ.
പദ്ധതിയുടെ ഉദ്ഘാടനം സൗത്ത് വാഴക്കുളം ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നു. ജൈവ പച്ചക്കറി തൈകൾ ലയൺസ്‌ക്‌ളബ് പ്രസിഡന്റ് എൻ. പി രാജുവിൽ നിന്ന് വാർഡ് മെമ്പർ ശ്രീദേവി രമേശ് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ബേബി അദ്ധ്യക്ഷത വഹിച്ചു. ഡോ ബീന രവികുമാർ, ടി.ഒ. ജോൺസൺ, രാജു ചെമ്മനം, പൗലോസ് പാത്തിക്കൽ, മാത്യുസ്, എം. മേരി പൗലോസ്, ലാൽ , സോമൻ ടി.എൻ, ഫൈസൽ ബിൻ മുഹമ്മദ്, എന്നി വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഫാം ഇൻ യുവർ സ്‌കൂൾ
# ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം
# വിദ്യാർത്ഥികളെ കാർഷികമേഖലയിലേക്ക് ആകർഷിക്കൽ
# വിഷരഹിത പച്ചക്കറിയെക്കുറിച്ചുള്ള അവബോധം