anthoor-

കൊച്ചി : ആന്തൂരിലെ കൺവെൻഷൻ സെന്ററിന്റെ പ്ളാനിന് അംഗീകാരം വൈകിയത് ആർക്കിടെക്‌ടിന്റെ പിഴവു മൂലമാണെന്നും മുൻകൂർ അനുമതിയില്ലാതെ കെട്ടിടത്തിന്റെ ഘടനയിൽ മാറ്റം വരുത്തിയെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. നഗരസഭയ്ക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന തരത്തിലാണ് സത്യവാങ്മൂലം.

തന്റെ കൺവെൻഷൻ സെന്ററിന് അനുമതി നിഷേധിച്ചതിൽ മനം നൊന്ത് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് മറുപടി സത്യവാങ്മൂലം. വാട്ടർ ടാങ്ക്, ഇൻസിനറേറ്റർ, ജനറേറ്റർ, എ.സി കംപ്രസർ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ ആറുമാസത്തിനകം പരിഹരിക്കാമെന്ന ഉറപ്പിൽ കൺവെൻഷൻ സെന്ററിന് ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകിയെന്നും തദ്ദേശ ഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ജി. അനിൽകുമാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
മാദ്ധ്യമ റിപ്പോർട്ടുകൾ ശരിയല്ല. കെട്ടിട നിർമ്മാണ ചട്ടപ്രകാരം അപേക്ഷകന്റെ ഭാഗത്ത് വീഴ്ചകളും നിയമ ലംഘനവുമുണ്ട്. ടൗൺ പ്ളാനർ രണ്ടു തവണ പ്ളാൻ മടക്കി നൽകി. പരിഷ്‌കരിച്ച പ്ളാനിലും നിരവധി വീഴ്ചകളും കുറവുകളുമുണ്ടായിരുന്നു. ആർക്കിടെക്‌ടിന്റെ അശ്രദ്ധയാണ് ഇതു കാണിക്കുന്നത്. ആളുകൾ ഒത്തുചേരുന്ന സ്ഥലമെന്ന നിലയിൽ നഗരസഭ ജാഗ്രതയോടെയാണ് പ്രവർത്തിച്ചത്. കെട്ടിടത്തിന്റെ ഘടന മാറ്റിയത് നഗരസഭ അറിഞ്ഞില്ല. കോൺക്രീറ്റു കൊണ്ടുള്ള മേൽക്കൂരയും തൂണുകളും സ്റ്റീൽ തൂണുകളും ട്രസ് റൂഫുമാക്കിയെന്നും മുൻകൂർ അനുമതിയില്ലാതെ ആർക്കിടെക്‌ട് ഇതു ചെയ്യരുതായിരുന്നെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.