
കൊച്ചി: ആന്തൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കെട്ടിട നിർമ്മാണ ചട്ടത്തിൽ സമഗ്ര ഭേദഗതി കൊണ്ടുവരാൻ ആലോചിക്കുന്നതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ നൽകിയ സത്യവാങ്മൂലത്തിലാണ് വിശദീകരണം. കെട്ടിടങ്ങൾക്ക് ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകാൻ സ്ട്രക്ചറൽ എൻജിനീയർമാരുടെ അംഗീകാരം വേണമെന്ന് ചട്ടത്തിൽ പറയുന്നില്ല. ഇത്തരത്തിലുള്ള പരിശോധനകളില്ലാതെ കുഗ്രാമങ്ങളിൽ പോലും ബഹുനില കെട്ടിടങ്ങളും കൺവെൻഷൻ സെന്ററുകളും ധാരാളം വരുന്നുണ്ട്.
കെട്ടിടങ്ങളുടെ ഘടനയുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പു വരുത്താൻ ചട്ടത്തിൽ ഭേദഗതി വരുത്താൻ ആലോചിക്കുന്നുണ്ടെന്ന് തദ്ദേശ ഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ജി.അനിൽ കുമാറിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിലെ 'ചുവപ്പുനാട" ഒഴിവാക്കാൻ നടപടികളെടുത്തെന്നും അർഹതപ്പെട്ട ലൈസൻസും സർട്ടിഫിക്കറ്റും ലഭിക്കുന്നതിന് പൊതുജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അനിൽകുമാർ വ്യക്തമാക്കുന്നു.