പാലാരിവട്ടം പാലത്തിലെ സമരത്തിന്റെ സമാപന സമ്മേളനം സി.പി.ഐ ബഹിഷ്‌ക്കരിച്ചു
ജില്ലയിൽ സി.പി.എം- സി.പി.എം ബന്ധം ഉലയുന്നു
കൊച്ചി:എസ്.എഫ്.ഐയുമായുള്ള സംഘർഷത്തിൽ പരിക്കേറ്റ് ഞാറയ്‌ക്കൽ ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എ.ഐ.എസ്.എഫ് പ്രവർത്തകരെ സന്ദർശിക്കാനെത്തിയ സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജുവിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞത് വിവാദമായി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
വിഷയം സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള പടലപ്പിണക്കത്തിലേക്ക് നീങ്ങിയതോടെ പാലാരിവട്ടം പാലത്തിൽ എൽ.ഡി.എഫ് നടത്തിയ സമരത്തിന്റെ സമാപന ചടങ്ങ് സി.പി.ഐ ബഹിഷ്‌ക്കരിച്ചു.
കോളേജിലെ സംഘടനാ സ്വാതന്ത്ര്യത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റ എ.ഐ.എസ്.എഫ് യൂണിറ്റ് പ്രസിഡന്റ് ടി.എസ്.വിഷ്‌ണു, സെക്രട്ടറി സ്വാലിഹ് ആൽഫ്രീദി എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരെ സന്ദർശിച്ച് പുറത്തിറങ്ങിയ രാജുവിനെ വാഹനത്തിനു മുന്നിൽ ബൈക്ക് നിറുത്തി ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടയുകയായിരുന്നു. ബൈക്ക് നീക്കം ചെയ്യണമെന്ന് സി.പി.ഐ പ്രവർത്തകർ ആവശ്യപ്പെട്ടതോടെ തർക്കമായി. പിന്നീട് പൊലീസെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
ഞാറയ്‌ക്കൽ സി.ഐ തടഞ്ഞവർക്കെതിരെ നടപടിയെടുക്കാൻ തയ്യാറായില്ലെന്ന് പി.രാജു പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറിയെയും വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കോളേജിലെ പ്രശ്‌നവും തടയലും ഒരു ഇടവേളയ്‌ക്ക് ശേഷം ജില്ലയിൽ സി.പി.എം- സി.പി.ഐ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരിക്കുകയാണ്.
പി.രാജുവിനെ തടഞ്ഞതിൽ പ്രതിഷേധിച്ച് ഐ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് പ്രവർത്തകർ വൈപ്പിൻ ഗവ. കോളേജിലേക്ക് സംഘടനാ സ്വാതന്ത്ര്യ സംരക്ഷണ മാർച്ച് നടത്തി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. കെ.എൻ.സുഗതൻ ഉദ്‌ഘാടനം ചെയ്‌തു. രാജുവിനെ തടയുന്നത് നോക്കിനിന്ന ഞാറയ്‌ക്കൽ സി.ഐ മുരളിയെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് അടുത്തദിവസം സി.പി.ഐ പൊലീസ് സ്‌റ്റേഷൻ മാർച്ച് നടത്തും.