മൂവാറ്റുപുഴ: സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ പതിനൊന്നാമത് ദേശീയ ചലച്ചിത്രമേള ആഗസ്റ്റ് 10മുതൽ 14 വരെ മൂവാറ്റുപുഴയിൽ നടക്കുമെന്ന് അക്കാഡമി ചെയർമാൻ കമൽ അറിയിച്ചു. മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെയുള്ള മേളയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 35 സിനിമകൾ പ്രദർശിപ്പിക്കും. മൂവാറ്റുപുഴ ഇ.വി.എം ലതാ തിയേറ്റിലെ രണ്ട് സ്ക്രീനുകളിൽ സിനിമകൾ പ്രദർശിപ്പിക്കും.

നല്ല സിനിമ സംസ്ഥാനത്താകെ എത്തിക്കുക എന്ന ചലച്ചിത്ര അക്കാഡമിയുടെ പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നതെന്ന് കമൽ പറഞ്ഞു. വിവിധ ഭാഷാ സിനിമകളുടെ വിഭാഗത്തിൽ ബംഗാളി, മറാഠി, ഹിന്ദി, തമിഴ്, മലയാളം , തുടങ്ങിയ 9 ഭാഷാചി ത്രങ്ങളുണ്ട്. ഫോക്കസ് വിഭാഗത്തിൽ കാശ്മീർ പ്രമേയമായ ചിത്രങ്ങൾ, റെട്രോസ് പെക്ടീവ് വിഭാഗത്തിൽ ഋതുപർണഘോഷ് സംവിധാാനം ചെയ്ത നാല് സിനിമകളും അദ്ദേഹത്തെക്കുറിച്ച് സംഗീതദത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിയും പ്രദർശനത്തിനുണ്ട്. ഹോമേജ് വിഭാഗത്തിൽ നാല് സിനിമകൾ പ്രദർശിപ്പിക്കും. പ്രതിനിധി ഫീസ് 200 രൂപയും 18 വയസ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് 100 രൂപയുമാണ് ഫീസ്.

അക്കാഡമി വൈസ് ചെയർപേഴ്‌സൺ ബീനാ പോൾ, ഡെപ്യൂട്ടി ഡയറക്ടർ എച്ച്. ഷാജി, മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് യു.ആർ. ബാബു, സെക്രട്ടറി പ്രകാശ് ശ്രീധർ, ട്രഷറർ എം.എസ്. ബാലൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.