khader-committee-report

കൊച്ചി : ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) ഭേദഗതി ചെയ്തതിനെതിരെ എൻ.എസ്.എസ് ഹൈക്കോടതിയിൽ ഹർജി നൽകി. ഇന്ന് ഹർജി പരിഗണിച്ചേക്കും. കേരള വിദ്യാഭ്യാസ ചട്ടം ഭേദഗതി ചെയ്യുന്നത് ഭരണഘടനയ്ക്കും സ്വതന്ത്ര വിദ്യാഭ്യാസാവകാശ നിയമത്തിനും വിരുദ്ധമാണെന്നാരോപിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരാണ് ഹർജി നൽകിയത്. 2018 മാർച്ച് മൂന്നിനാണ് ഖാദർ കമ്മിറ്റിയെ നിയോഗിച്ചത്. ഈ ജനുവരി 24ന് റിപ്പോർട്ട് സമർപ്പിച്ചു. ഇതനുസരിച്ച് വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ വരുത്തി കഴിഞ്ഞ മേയ് 31ന് സർക്കാർ ഉത്തരവിറക്കി. പിന്നീട് ജൂൺ 30ന് ചട്ടം ഭേദഗതി ചെയ്തെന്നും ഹർജിയിൽ പറയുന്നു.

പ്രൈമറി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ ഏകീകരണത്തിന്റെ ഭാഗമായി ഡയറക്ടർ ജനറൽ ഒഫ് എഡ്യൂക്കേഷൻ എന്ന പദവിക്ക് രൂപം നൽകി. റിപ്പോർട്ട് നടപ്പാക്കുന്നതോടെ ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാർ വൈസ് പ്രിൻസിപ്പൽമാരായി മാറും. ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പൽമാരെ ഭരണച്ചുമതലയുള്ള മേധാവിയായി അവരോധിക്കുകയും ചെയ്തു. എന്നാൽ ഹയർ സെക്കൻഡറി വിഭാഗം ഇല്ലാത്ത സ്കൂളുകളിൽ പഴയ സ്ഥിതി തുടരുകയും ചെയ്യും. ഇത്തരത്തിലൊരു സംവിധാനം ഒരുക്കാനാണ് കെ.ഇ.ആർ ഭേദഗതി ചെയ്യുന്നതെന്നും ഹർജിയിൽ പറയുന്നു.