വൈപ്പിൻ: വൈപ്പിൻ ഗവ. കോളേജിൽ എസ്.എഫ്.ഐ.-എ.ഐ.എസ്.എഫ്. സംഘർഷത്തിൽ പ്രതിഷേധിച്ച് ഇരുവിഭാഗങ്ങളും ഇന്നലെ മാർച്ച് നടത്തി. എ.ഐ.എസ്.എഫ്. -എ.വൈ.എസ്.എഫ്. സംഘടനകൾ ഇന്നലെ രാവിലെ ഗവ. കോളേജിലേക്ക് മാർച്ച് നടത്തിയപ്പോൾ വൈകീട്ട് എസ്.എഫ്.ഐ.-ഡി.വൈ.എഫ്.ഐ. മാർച്ച് ഞാറക്കലിൽ നിന്ന് മാലിപ്പുറത്തേക്കായി​രുന്നു.

നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി​ ബന്ധപ്പെട്ടാണ് ബുധനാഴ്ച സംഘർഷമുണ്ടായത്. ക്ലാസ് തുടങ്ങിയിട്ടില്ലെങ്കി​ലും രണ്ടാം വർഷക്കാരായ രണ്ട് വിദ്യാർത്ഥികൾ കോളേജിലെത്തിയതിനെ ചൊല്ലിയായിരുന്നു കൈയാങ്കളി. എസ്.എഫ്.ഐ അക്രമത്തി​ൽ പരി​ക്കേറ്റ എസ്.എഫ്.ഐ. കോളേജ് യൂണിറ്റ് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിയുമായ അലീഷ്, എ.ഐ.എസ്.എഫ്. യൂണിറ്റ് പ്രസിഡണ്ട് വിഷ്ണു, സെക്രട്ടറി സ്വാലിഹ് അൽഫ്രീദി എന്നിവരെ ഞാറക്കൽ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവരെ സന്ദർശിക്കുന്നതിന് സി.പി.ഐ. ജില്ലാ സെക്രട്ടറി പി.രാജുവും സംഘവും ആശുപത്രിയിലെത്തി മടങ്ങവേ കാറി​ന് മുന്നി​ൽ ബൈക്കുകൾ വച്ച് തടസമുണ്ടാക്കി​യതാണ് വാക്ക് തർക്കത്തി​ന് കാരണമായത്.

ഞാറക്കൽ സി.ഐ. മുരളിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി ഇരുപക്ഷത്തേയും പറഞ്ഞുവിട്ടു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യത്തിൽ സി.ഐ.യുടേത് ഏകപക്ഷീയമായ നടപടികളാണെന്നും ഇതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി, ഡി.ജി.പി, പൊലീസ് കംപ്ലൈന്റ് അതോറിറ്റി തുടങ്ങിയവർക്ക് പരാതി നൽകുമെന്നും സി.പി.ഐ. വ്യക്തമാക്കി.
രണ്ട് വർഷം മുമ്പ് എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് സി.പി.എമ്മിലുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് ഇവരിൽ ഒരു വിഭാഗം സി.പി.ഐ.യിൽ ചേരുകയും ഈ വിഭാഗത്തിലെ നേതാക്കൾക്ക് സി.പി.ഐ.യിൽ സ്ഥാനമാനങ്ങൾ നൽകുകയും ചെയ്തിരുന്നു. തുടർന്ന് ഇവി​ടെ ഇരുകൂട്ടരും തമ്മി​ൽ ഭിന്നത രൂക്ഷമാകുകയും ചെയ്തു.