മൂവാറ്റുപുഴ: കേന്ദ്ര സാഹിത്യ അക്കാഡമിയുടെ യുവസാഹിത്യപുരസ്‌കാരം നേടിയ ഡോ. അനൂജ അകത്തൂട്ടിന് പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെയും പായിപ്ര സർവീസ് സഹകരണ ബാങ്കിന്റെയും പായിപ്ര പൗരാവലിയുടേയും സംയുക്താഭിമുഖ്യത്തിൽ 20ന് സ്വീകരണവും ഉപഹാരസമർപ്പണവും നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാളെ വൈകിട്ട് 5ന് പായിപ്ര സൊസൈറ്റിപ്പടിയിലെ സൈൻ ആഡിറ്റോറിയത്തിൽ നടക്കുന്ന സ്വീകരണസമ്മേളനവും ഉപഹാരസമർപ്പണവും മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണവും എൽദോ എബ്രഹാം എം.എൽ.എ അനുമോദന പ്രസംഗവും നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസ് വായനമത്സര വിജയികൾക്ക് അവാർഡ് നൽകും . ലൈബ്രറി പ്രസിഡന്റ് എം.കെ. ജോർജ് അദ്ധ്യക്ഷത വഹിക്കും.
സെക്രട്ടറി എം.എസ്. ശ്രീധരൻ സ്വാഗതം പറയും. പായിപ്ര സഹകരണ ബാങ്കിന്റെ ഉപഹാരം ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ് ഡോ. അനൂജയ്ക്ക് സമ്മാനിക്കും. ജനപ്രതിനിധികൾ, സാംസ്‌കാരിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ ലൈബ്രറി കൗൺസിൽ ഭാരവാഹികൾ എന്നിവർ സംസാരിക്കും. വിവിധ സംഘടനകളുടെ ഉപഹാരങ്ങളും അവാർഡ് ജേതാവിന് സമ്മാനിക്കും. സ്വീകരണ സമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് 3ന് കൊച്ചിൻ സിംഫണിയുടെ മെഗാഷോയിൽ സിനി ആർട്ടിസ്റ്റ് അരിസ്റ്റോ സുരേഷ് പങ്കെടുക്കും.
അമ്മ ഉറങ്ങുന്നില്ല എന്ന കവിതാ സമാഹാരത്തിനാണ് ഡോ. അനൂജ അകത്തൂട്ടിന് കേന്ദ്ര സാഹിത്യ അക്കാഡമിയുടെ യുവ സാഹിത്യ പുരസ്‌കാരം ലഭിച്ചത്. അമ്പതിനായിരം രൂപയും താമ്രഫലകവുമാണ് പുരസ്‌കാരം. മൂവാറ്റുപുഴ പായിപ്രയിൽ ജനിച്ച ഡോ. അനൂജ സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണന്റെയും എഴുത്തുകാരി നളിനി ബേക്കലിന്റെയും മകളാണ്. കേരള വെറ്റിനറി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ. മുഹമ്മദ് അസ്‌ലമാണ് ഭർത്താവ്. ഡൽഹി ഇന്ത്യൻ അഗ്രിക്കൾച്ചറൽ സ്റ്റാറ്റിക്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞയാണ് അനൂജ.
സംഘാടകസമിതി ഭാരവാഹികളായ എം.കെ.ജോർജ്, എം.എസ്. ശ്രീധരൻ, പായിപ്ര കൃഷ്ണൻ, സി.കെ. ഉണ്ണി, ഇ.എസ്. ഷാനവാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.