മൂവാറ്റുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസ് കാബിൻ തകർത്ത കെ. എസ്. യു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റുന്നു

മൂവാറ്റുപുഴ: യൂണിവേഴ്സിറ്റി കോളേജ് സംഭവവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ഡി.ഇ.ഒ ഓഫീസ് ഉപരോധിക്കാനെത്തിയ കെ.എസ്.യു പ്രവർത്തകർ ഡി.ഇ.ഒയുടെ ഓഫീസ് കാബിന്റെ ഗ്ലാസ് ഇടിച്ചുതകർത്തു. ഇന്നലെ രാവിലെ 10.45 ഓടെയാണ് സംഭവം. കെ.എസ്.യു.ജില്ലാ സെക്രട്ടറി റംഷാദ് റഫീക്ക്. ആൽബിൻ രാജു, ഹാഷിം എ.കെ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ ഓഫീസ് ഉപരോധിക്കുകയാണെന്ന് വ്യക്തമാക്കി പതിനഞ്ചോളം കെ.എസ്.യു പ്രവർത്തകർ ഡി.ഇ.ഒ ഓഫീസിന്റെ മുന്നിലെത്തി മുദ്രാവാക്യം വിളിച്ചുനിന്നു. ഇതിനിടയിൽ ഡി.ഇ.ഒ പത്മകുമാരിയുടെ കാബിനുള്ളിൽ ഏതാനും പ്രവർത്തകർ കയറിയിരുന്നു. സംഭവമറിഞ്ഞ് എസ്.ഐ ബൈജുവിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. ഈ സമയത്താണ് അകത്തുണ്ടായിരുന്നവർ കാബിന്റെ ഗ്ലാസ് ഇടിച്ചുതകർത്തത്. അടുത്തിടെ നവീകരിച്ച റൂമാണ് നശിപ്പിച്ചതെന്നും ഫയലുകളും മറ്റും എടുത്ത് വലിച്ചെറിഞ്ഞതായും ഡി.ഇ.ഒ പറഞ്ഞു.