ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചു, നാല് ജനപക്ഷ കൗൺസിലർമാർ വിയോജിച്ചു
ആലുവ: വായ്പ സംബന്ധമായ ചുവപ്പുനാടകളെ തുടർന്ന് ശിലാസ്ഥാപനം നടത്തി അഞ്ച് വർഷം പിന്നിട്ടിട്ടും നിർമ്മാണം ആരംഭിക്കാത്ത നഗരസഭ മാർക്കറ്റിന് മുനിസിപ്പൽ പാർക്ക് പണയപ്പെടുത്തി കേരള അർബൻ ആന്റ് റൂറൽ ഡെവലപ്പ്‌മെന്റ് ഫൈനാൻസ് കോർപ്പറേഷനിൽ (കെ.യു.ആർ.ഡി.എഫ്.സി) നിന്നും അഞ്ച് കോടി രൂപ വായ്പയെടുക്കാൻ ആലുവ നഗരസഭ കൗൺസിൽ തീരുമാനിച്ചു.
ഏക ബി.ജെ.പി അംഗം ഉൾപ്പെടെ നാല് ജനപക്ഷ കൗൺസിലർമാർ ഇതിനോട് വിയോജിച്ചു. മൂന്ന് നിലകളിലായി 80 സ്റ്റാളുകൾ ഉൾപ്പെടെ നിർമ്മിക്കുന്ന വ്യാപാര സമുച്ചയത്തിന് ഒമ്പത് കോടിയിലേറെ രൂപയാണ് ചെലവ്.
നിലവിലെ സ്റ്റാൾ ഉടമകളിൽ നിന്നും പുതിയ കെട്ടിടത്തിൽ മുറി അനുവദിക്കുന്നതിന് മുൻകൂറായി ഒന്നര കോടിയോളം രൂപ ശേഖരിച്ചിരുന്നു. ബാക്കി തുക ആലുവ ഫെഡറൽ ബാങ്കിൽ നിന്ന് വായ്പയെടുക്കാനാണ് നേരത്തെ തീരുമാനിച്ചത്.
സ്ഥലത്തിന് ആധാരമില്ലെന്ന് പിന്നീടാണ് വ്യക്തമായത്.
പകരം പാർക്ക് പണയപ്പെടുത്താമെന്നായപ്പോൾ വ്യാപാരികളിൽ നിന്നും ശേഖരിച്ച ഒന്നരക്കോടി അടക്കണമെന്ന നിലപാട് ബാങ്ക് സ്വീകരിച്ചു. നഗരസഭ ഈ തുക വകമാറ്റി ചെലവഴിച്ചതോടെ പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായി. തുടർന്നാണ് സർക്കാരിൽ നിന്നും അനുമതി വാങ്ങിയ ശേഷം കെ.യു.ആർ.ഡി.എഫ്.സിയെ സമീപിച്ചത്. വായ്പ ലഭിച്ചാലുടൻ നിർമ്മാണം ആരംഭിക്കുമെന്ന് ചെയർപേഴ്സൺ ലിസി എബ്രഹാം പറഞ്ഞു.
മാർക്കറ്റ് സമുച്ചയ നിർമ്മാണത്തിൽ അനാവശ്യ കാലതാമസം വരുത്തിയ ഭരണപക്ഷം ജനങ്ങളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ ആവശ്യപ്പെട്ടു.
പ്ളാൻ പുന:പരിശോധിക്കണം
ആലുവ മാർക്കറ്റ് കുറഞ്ഞ ചെലവിൽ നിർമ്മിക്കുന്നതിനാവശ്യമായ മാറ്റം പ്ളാനിൽ വരുത്തണമെന്ന് നഗരസഭയിലെ നാല് ജനപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു. നിലവിലെ പ്ലാൻ അനുസരിച്ച് കെട്ടിടം നിർമ്മിച്ചാൽ നഗരസഭയ്ക്ക് വൻ ബാധ്യതയാകും.
അഞ്ച് വർഷത്തിന് ശേഷം എസ്റ്റിമേറ്റ് തുകയ്ക്ക് എങ്ങനെ പൂർത്തിയാക്കുമെന്നതിൽ ആശങ്കയുണ്ട്. പഴയ പ്ലാനും എസ്റ്റിമേറ്റും അനുസരിച്ച് മാർക്കറ്റ് നിർമ്മിക്കുന്നതിലും വായ്പാ തിരിച്ചടവിൽ വ്യക്തതയില്ലാത്തതുമാണ് വിയോജിപ്പ് രേഖപ്പെടുത്താൻ കാരണമെന്ന് ജനപക്ഷ കൗൺസിലർമാരായ എ.സി സന്തോഷ് കുമാർ, സെബി വി. ബാസ്റ്റ്യൻ, കെ. ജയകുമാർ, കെ.വി. സരള എന്നിവർ അറിയിച്ചു.