palli

കോലഞ്ചേരി: യാക്കോബായ വിശ്വാസിയായ വൃദ്ധയുടെ മൃതദേഹം സഭാ തർക്കത്തെത്തുടർന്ന് പള്ളി സെമിത്തേരിക്കു പുറത്തു സംസ്കരിച്ചു. വാളകം കുന്നയ്ക്കാൽ ഇരുമ്പായിൽ അന്നമ്മ (95) യുടെ മൃതദേഹമാണ് ‌സെമിത്തേരിക്ക് സമീപം യാക്കോബായ സഭാംഗമായ വിശ്വാസിയുടെ സ്ഥലത്ത് സംസ്കരിച്ചത്.

കോലഞ്ചേരി പള്ളി ഇടവകാംഗമായ അന്നമ്മയുടെ സംസ്കാരം യാക്കോബായ വിശ്വാസപ്രകാരം നടത്തണമെന്ന് യാക്കോബായ വിഭാഗവും, ഓർത്തഡോക്സ് പക്ഷത്തിന്റെ കൈവശമിരിക്കുന്ന പള്ളിയിൽ ഓർത്തഡോക്സ് വൈദികൻ സംസ്കാര ശുശ്രൂഷ നടത്തിയാൽ മാത്രമേ അതിന് അനുവദിക്കൂ എന്ന് ഓർത്തഡോക്സ് വിഭാഗവും നിലപാട് കടുപ്പിച്ചതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടിരുന്നു. ഇരു വിഭാഗവുമായി മൂവാറ്റുപുഴ ആർ.ഡി.ഒ എം.ടി. അനിൽകുമാർ, തഹസിൽദാർ ഗോവിന്ദരാജ് എന്നിവർ പ്രത്യേകം ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. രാവിലെ 11ന് യാക്കോബായ ചാപ്പലിൽ എത്തിച്ച മൃതദേഹം 5 വരെ പള്ളിയിൽ വച്ചു. തുടർന്ന് കോലഞ്ചേരി പ്രധാന പള്ളിയിലേക്കു എത്തിച്ചെങ്കിലും പൊലീസ് തടഞ്ഞു. തുടർന്നാണ് പള്ളിക്കു സമീപം സംസ്കരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇടവക തലത്തിൽ പരാതി നല്കില്ലെന്ന് ഓർത്തഡോക്സ് പക്ഷം വികാരി ജേക്കബ് കുര്യൻ പറഞ്ഞു. മൃതദേഹം സംസ്കരിച്ചതിനു സമീപമാണ് സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ. സ്കൂൾ പി.ടി.എ പരാതി നല്കുമെന്ന് സ്കൂൾ മാനേജർ പറഞ്ഞു.