ആലുവ: ഇന്നലെ നിര്യാതനായ സ്വാതന്ത്ര്യസമര സേനാനിയും സാഹിത്യകാരനും അദ്ധ്യാപകനുമായിരുന്ന ഒ.പി. ജോസഫ് 'ആലുവയുടെ സ്വന്തം ഒ.പി' എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. ശാരീരിക അവശതകൾ ബാധിക്കുന്നതുവരെ ആലുവയിലെ സാമൂഹ്യ - സാംസ്കാരിക മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്നു.
മുപ്പതോളം പുസ്തകങ്ങൾ സ്വന്തമായി രചിക്കുകയും തർജ്ജമ ചെയ്യുകയും ചെയ്തിട്ടുണ്ട്. ആലുവ സെന്റ് മേരീസ് സ്‌കൂൾ, യു.സി. കോളേജ്, സെന്റ് ആൽബർട്ട്സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളേജ് യൂണിയൻ ചെയർമാനുമായിരുന്നു. കൊൽക്കൊത്തയിലെ സിറ്റി കോളേജിൽ നിന്ന് ബികോം ബിരുദവും റിപ്പൺ കോളേജിൽ നിന്ന് എൽ.എൽ.ബി.യും സ്വന്തമാക്കി. പതിനാറാം വയസിൽ സംസ്‌കൃതം ശാസ്ത്രി പരീക്ഷ പാസായി. മാർക്കറ്റിംഗ്, ഇൻഡസ്ട്രിയൽ എഡിറ്റിംഗ് ആൻഡ് പബ്ലിക് റിലേഷൻ എന്നിവയിൽ ഡിപ്ലോമയും നേടി.
1953ൽ കൊൽക്കത്തയിലെ സ്ഥാപനമായ ജെ വാൾട്ടൺ തോംപ്‌സണിലെ മാദ്ധ്യമ വിഭാഗത്തിൽ പരസ്യമേഖലയിലാണ് ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. കലയും മനുഷ്യരും എന്ന മാഗസിന്റെ എഡിറ്ററുമായി. നാലു വർഷത്തിന് ശേഷം മുംബയിൽ കേന്ദ്ര സർക്കാരിന്റെ കയർ വകുപ്പിൽ എക്‌സിബിഷൻ ഇൻ ചാർജായി. തിരികെ കേരളത്തിലെത്തി എക്സ് പ്രസ് പത്രത്തിൽ എഡിറ്ററായി. 1960 മുതൽ 25 വർഷം ഏലൂരിലെ ഫാക്ടിൽ പബ്ലിക് റിലേഷൻ മാനേജറായിരുന്നു. പിന്നീട് ഏരീസ് പരസ്യ സ്ഥാപനത്തിന്റെ റീജിയണൽ ഡയറക്ടറായി.
പബ്ലിക് റിലേഷൻ സൊസൈറ്റി ഒഫ് ഇന്ത്യയുടെ സ്ഥാപകാംഗമായിരുന്ന ഒ.പി. ജോസഫ് 1984ൽ ദേശീയ പ്രസിഡന്റായി. ഭാരത സർക്കാരിന്റെ താമ്രപത്രം ലഭിച്ചിട്ടുണ്ട്. കൊൽക്കൊത്തയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'കലയും മനുഷ്യനു'മെന്ന മാഗസിന് 1994ൽ കേരള ക്രിട്ടിക്‌സ് പുരസ്‌കാരം ലഭിച്ചു. അക്ഷയ പുസ്തകനിധി, കേരള കാത്തലിക് ബിഷപ്‌സ് പുരസ്‌കാരം, പി.എ. സെയ്ത് മുഹമ്മദ് ഫൗണ്ടേഷൻ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.