കൊച്ചി: സ്വകാര്യ മാനേജ‌്മെന്റുകളുടെ വിദ്യാർത്ഥി പീഡനത്തിനെതിരെ നടപടിയെടുക്കുക, ഇന്റേണൽ അസസ‌്മെന്റിലെ സെപ്പറേറ്റ‌് മിനിമം എന്ന മാനദണ്ഡം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച‌് മുഖ്യമന്ത്രിക്ക‌് നൽകിയ അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട‌് എസ‌്.എഫ‌്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക‌് ഓഫീസിലേക്ക‌് മാച്ച് നടത്തി.
കാമ്പസുകളിൽ ട്രാൻസ‌്ജെൻഡർ സൗഹൃദ വിദ്യാഭ്യാസ‌ അന്തരീഷമുണ്ടാക്കുക ഉൾപ്പെടെ 51 ഇന അവകാശ പത്രികയാണ‌് എസ‌്.എഫ‌്.ഐ സംസ്ഥാന കമ്മിറ്റി നൽകിയിട്ടുള്ളത‌്. ഹൈക്കോടതി ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച‌് കണയന്നൂർ താലൂക്ക‌് ഓഫീസിനു മുന്നിൽ സമാപിച്ചു. ധർണ എസ‌്.എഫ‌്.ഐ കേന്ദ്ര കമ്മിറ്റി അംഗം ടി.പി. രഹ‌്ന സബീന ഉദ‌്ഘാടനം ചെയ‌്തു. ജില്ലാ പ്രസിഡന്റ‌് അമൽ ജോസ‌് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.എസ‌്.അമൽ, ഏരിയ സെക്രട്ടറി അർജുൻ ബാബു എന്നിവർ പ്രസംഗിച്ചു.