കൊച്ചി: നിപ്പയ്ക്ക് പിന്നാലെ ഇപ്പോൾ ഡിഫ്‌ത്തീരിയ പേടിയിലാണ് ജില്ലക്കാർ. പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളിയുടെ മകനിൽ രോഗം സ്ഥിരീകരിച്ചതോടെ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ജില്ലാ ആരോഗ്യവിഭാഗം. രോഗത്തെ മനസ്സിലാക്കി, കൃത്യമായ പ്രതിരോധത്തിലൂടെ ഡിഫ്‌ത്തീരിയ ചെറുക്കുകയാണ് വേണ്ടതെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
ഇപ്പോൾ രോഗം സ്ഥിരീകരിച്ച കുട്ടിയുടെ പെരുമ്പാവൂർ വാഴക്കുളത്തെ വീടിന്റെ പരിസരങ്ങളിൽ വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും മലയിടംതുരുത്ത് സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സമാന രോഗലക്ഷണങ്ങളുള്ള വേറെ ആളുകൾ പരിസരങ്ങളിൽ ഉണ്ടോ എന്ന് കണ്ടു പിടിക്കുന്നതിനും ബോധവൽക്കരണം നടത്തുന്നതിനുമായി പരിസരത്തുള്ള 210 വീടുകളിൽ ഇതിനോടകം ഇവർ സന്ദർശിച്ചു. തുടർന്നുള്ള ദിവസങ്ങളിലും ഇത് തുടരും.
ഡിഫ്‌ത്തീരിയ അപകടമാകുന്നത്
തൊണ്ടയിലേയും മൂക്കിലേയും ശ്ലേഷ്മ ചർമ്മത്തെ ബാധിക്കുന്ന രോഗമാണ് ഡിഫ്‌ത്തീരിയ. രോഗപ്രതിരോധ ശേഷിയില്ലാത്തവരുടെ തൊണ്ടയിൽ രോഗാണു പെരുകി രൂപപ്പെടുന്ന പാട ശ്വാസനാളത്തിൽ നിറഞ്ഞ് ശ്വാസം കിട്ടാതെ രോഗി മരിക്കാം. രോഗാണുവിൽ നിന്നുണ്ടാകുന്ന ഡിഫ്ത്തീരിയ ടോക്‌സിൻ എന്ന വിഷവസ്തു വിവിധ അവയവങ്ങളിൽ അടിഞ്ഞുകൂടി അവയുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്നതും മരണത്തിന് കാരണമാകാം.
രോഗപ്രതിരോധ കുത്തിവെപ്പുകളുടെ തോത് വളരെ കുറവുള്ള ഇടങ്ങളിൽ 3 മുതൽ 5 ശതമാനം പേരുടെ തൊണ്ടയിൽ ഡിഫ്ത്തീരിയ രോഗാണുക്കളുണ്ടായിരിക്കും. ഇവരിൽ രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. ഇവരിൽ നിന്നോ, ഡിഫ്ത്തീരിയ രോഗികളിൽ നിന്നോ ശ്വാസത്തിലൂടെയാണ് രോഗാണു പകരുന്നത്.
രോഗലക്ഷണങ്ങൾ:
പനി
തൊണ്ടവേദന
തൊണ്ടവീക്കം
വെള്ളം ഇറക്കാൻ ബുദ്ധിമുട്ട്
തൊണ്ടയിൽ നേരിയ മഞ്ഞ നിറം
പ്രതിരോധിക്കാൻ:
സമയാസമയങ്ങളിൽ രോഗ പ്രതിരോധ കുത്തിവെപ്പെടുക്കാത്ത കുട്ടികൾക്ക് അടിയന്തരമായി പ്രതിരോധ കുത്തിവയ്പ്പ് നൽകുക. എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ബുധനാഴ്ചകളിൽ ഇതിനുള്ള സൗകര്യം സൗജന്യമായി ലഭിക്കും
'മിഷൻ ഇന്ദ്രധനുസ്' പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ മെയ്, ജൂൺ, ജൂലായ് മാസങ്ങളിൽ ഏഴാം തീയതി മുതൽ ഏഴ് ദിവസം കുട്ടികൾക്കായി പ്രത്യേക പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകളുണ്ട്.
രോഗിയുമായോ രോഗാണു ബാധ സംശയിക്കുന്നവരുമായോ അടുത്ത സമ്പർക്കം പുലർത്തിയവരും രോഗീ പരിചരണത്തിൽ ഏർപ്പെടുന്ന ജീവനക്കാരും രോഗ പ്രതിരോധ കുത്തിവെപ്പ് എടുക്കണം. മുൻകരുതൽ ചികിത്സയുടെ ഭാഗമായി ഇവർ 7 ദിവസത്തേക്ക് മരുന്നും കഴിക്കണം.
രോഗം സ്ഥിരീകരിച്ച പ്രദേശത്ത് ആർക്കെങ്കിലും രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാലുടൻ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ വിദഗ്ദ്ധ ചികിത്സ തേടണം.