കൊച്ചി : പനമ്പിള്ളി നഗറിലെ അനധികൃത വ്യാപാര സ്ഥാപനങ്ങൾ ഒഴിപ്പിക്കുന്നതിൽ കൊച്ചി നഗരസഭ അലംഭാവം തുടരുകയാണെന്നും ഇവിടെ ജി കാറ്റഗറിയിൽ വരുന്ന കെട്ടിടങ്ങൾ ടൗൺ സ്കീമിൽ ഉൾപ്പെടുമോയെന്ന് കോർപ്പറേഷൻ അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. അന്വേഷണം സംബന്ധിച്ച നടപടികൾ ആഗസ്റ്റ് 16 നകം പൂർത്തിയാക്കാനും സിംഗിൾബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. മിക്സഡ് സോൺ വിജ്ഞാപനം റെസിഡൻഷ്യൽ മേഖലയിൽ വ്യാപാര സ്ഥാപനങ്ങൾ അനുവദിക്കലാണ്. സ്ഥലത്തിന്റെ 60 ശതമാനം കെട്ടിടത്തിനും 40 ശതമാനം പാർക്കിംഗിനും വേണമെന്നാണ് ഇതിലെ വ്യവസ്ഥ. നഗരസഭാ ലൈസൻസിന് അപേക്ഷിച്ചവരാരെങ്കിലും ഇതു പാലിച്ചോയെന്ന് നഗരസഭ അന്വേഷിച്ചില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പനമ്പിള്ളി നഗർ റെസിഡൻഷ്യൽ മേഖലയിലെ അനധികൃത വ്യാപാര സ്ഥാപനങ്ങൾ ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് ശോഭ രാമചന്ദ്രൻ നൽകിയ ഹർജിയാണ് സിംഗിൾ ബെഞ്ച് പരിഗണിക്കുന്നത്.