കൊച്ചി : എറണാകുളത്തെ ബിഷപ്പ് ഹൗസിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വൈദികർ ആരംഭിച്ച നിരാഹാരസമരം ഒത്തുതീർക്കാൻ സീറോ മലബാർ സഭാ ആസ്ഥാനത്ത് മാരത്തോൺ ചർച്ചകൾ തുടരുന്നു. വൈദികരുടെ പ്രതിനിധികളും സഭയുടെ സ്ഥിരം സിനഡ് അംഗങ്ങളുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
സഭാ ആസ്ഥാനമായ കാക്കനാട്ടെ മൗണ്ട് സെന്റ് തോമസിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയ്‌ക്ക് ആരംഭിച്ച ചർച്ച രാത്രി വൈകിയും തുടരുകയാണ്. ചർച്ചയിലെ ധാരണ സിനഡ് യോഗം ചേർന്ന് അംഗീകരിക്കും.
സ്ഥിരം സിനഡ് അംഗങ്ങളായ കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പുമാരായ ആൻഡ്രൂസ് താഴത്ത്, മാത്യു മൂലക്കാട്ട്, ജോർജ് ഞരളക്കാട്ട്, ബിഷപ്പ് ജേക്കബ് മനത്തോടത്തിന് പകരം മേജർ ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം, ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് എന്നിവരും വൈദികരായ കുര്യാക്കോസ് മുണ്ടാടൻ, ബെന്നി മാരാംപറമ്പിൽ, ഹോർമിസ് മൈനാട്ടി, ജോസ് ഇടശേരി, ആന്റണി നരികുളം, പോൾ ചിറ്റിനപ്പള്ളി, സെബാസ്റ്റ്യൻ തളിയൻ, ജോയ്സ് കൈതക്കോട്ടിൽ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
എറണാകുളം അങ്കമാലി അതിരൂപതയുടെ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ നീക്കുക, അതിരൂപതാ ഭരണത്തിന് പ്രത്യേക ബിഷപ്പിനെ നിയമിക്കുക, സഹായ മെത്രാന്മാരെ നീക്കിയത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാഴാഴ്ചയാണ് വൈദികർ നിരാഹാരം ആരംഭിച്ചത്. ഇന്നലെ രാവിലെ അനുരഞ്ജന ചർച്ചയ്ക്ക് ക്ഷണിക്കുകയായിരുന്നു.
സമരം അടിയന്തരമായി അവസാനിപ്പിക്കുകയാണ് ബിഷപ്പുമാരുടെ ലക്ഷ്യമെന്ന് സഭാവൃത്തങ്ങൾ പറഞ്ഞു.
പിന്തുണയും പ്രതിഷേധവും
ബിഷപ്പ്സ് ഹൗസിൽ ഫാ. ജോസഫ് പാറേക്കാട്ടിലിന്റെ നിരാഹാരത്തെ പിന്തുണച്ചും എതിർത്തും വൈദികരും വിശ്വാസികളുമെത്തി. ബിഷപ്പ് ഹൗസിൽ ആരെയും കയറ്റിയില്ല. പുറത്ത് ഇരുപക്ഷത്തിന്റെയും പ്രകടനം.
ശുഭലക്ഷണം
സിനഡ് ചർച്ചയ്ക്ക് തയ്യാറായത് ശുഭലക്ഷണമാണ്. കർദ്ദിനാൾ മാറിനിൽക്കണമെന്ന വൈദികരുടെ ആവശ്യം അംഗീകരിച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്താണ് ചർച്ചയ്ക്ക് നേതൃത്വം വഹിക്കുന്നത്.
റിജു കാഞ്ഞൂക്കാരൻ
സെക്രട്ടറി
അതിരൂപത സുതാര്യതാ സമിതി
വത്തിക്കാൻ ഇടപെടണം
പ്രശ്നങ്ങൾ പരിഹരിക്കാൻ കേരള കത്തോലിക്കാ മെത്രാൻ സമിതിയും (കെ.സി.ബി.സി ) കാത്തലിക് ബിഷപ്പ്സ് കൗൺസിൽ ഒഫ് ഇന്ത്യയും (കെ.ബി.സി.ഐ) വത്തിക്കാൻ പ്രതിനിധിയും അടിയന്തരമായി ഇടപെടണം.
വർഗീസ് കോയിക്കര
ജനറൽ സെക്രട്ടറി
കേരള കാത്തലിക് ഫെഡറേഷൻ
സഭാ നിലപാടിനൊപ്പം
രണ്ടു ദിവസം കൂടി കഴിഞ്ഞാൽ സമരത്തിൽ വിശ്വാസികൾ ഇടപെടേണ്ട സാഹചര്യമുണ്ടാകും. സഭയുടെ ഒൗദ്യോഗിക നിലപാടുകൾക്കൊപ്പമാണ് വിശ്വാസികൾ.
ജോസ് വിതയത്തിൽ
സെക്രട്ടറി
കാത്തലിക് ലെയ്റ്റി മൂവ്മെന്റ്