ivory-case

കൊച്ചി : നടൻ മോഹൻലാൽ ആനക്കൊമ്പുകൾ കൈവശം വച്ചിരിക്കുന്നതിനെതിരായ ഹർജി പ്രശസ്തി ലക്ഷ്യമിട്ടാണെന്നും കൈവശം വയ്ക്കാൻ സർക്കാർ അനുമതി നൽകിയത് പുനഃപരിശോധിക്കേണ്ടതില്ലെന്നും വനം വകുപ്പ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ആലുവ ഉദ്യോഗമണ്ഡൽ സ്വദേശി എ.എ.എ. പൗലോസ് നൽകിയ ഹർജിയിൽ വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ സുരേന്ദ്രകുമാറാണ് മറുപടി സത്യവാങ്മൂലം നൽകിയത്.

മോഹൻലാലിനെതിരെ നടപടിയെടുക്കാൻ മന്ത്രിയും വനംവകുപ്പ് ഉദ്യോഗസ്ഥരും താത്പര്യം കാട്ടിയില്ലെന്ന ഹർജിയിലെ ആരോപണം ശരിയല്ല. നിയമപരമായ നടപടികളാണ് സ്വീകരിച്ചത്. ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ മോഹൻലാൽ നൽകിയ അപേക്ഷ പരിഗണിച്ച് വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് അനുമതി നൽകിയത്. ഇതിനെ വീണ്ടും ചോദ്യം ചെയ്യുന്നത് പ്രശസ്തി ലക്ഷ്യമിട്ടാണ്. സർക്കാർ വിജ്ഞാപനത്തോടെ ഇവ കൈവശം വയ്ക്കുന്നത് നിയമപരമായി.

2012ൽ മോഹൻലാലിന്റെ തേവരയിലെ വസതിയിൽ പരിശോധന നടത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പ് കേസെടുത്തിരുന്നു. അന്വേഷണം പൂർത്തിയാക്കിയെങ്കിലും റിപ്പോർട്ട് കോടതിയിൽ നൽകിയിട്ടില്ല. ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ അനുമതി നൽകിയ സാഹചര്യത്തിൽ പ്രോസിക്യൂഷൻ നടപടികൾ ഫലപ്രദമല്ലെന്നതിനാലാണ് റിപ്പോർട്ട് നൽകാത്തത്. ഇതു സംബന്ധിച്ച് എ.ജിയുടെ നിയമോപദേശം ലഭിച്ചിരുന്നെന്നും മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.