പെരുമ്പാവൂർ: എ.എം റോഡിൽ തണ്ടേക്കാട് ജംഗ്ഷനിൽ ഇന്നലെ പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ 2 സ്ഥാപനങ്ങൾ പൂർണമായും കത്തിനശിച്ചു. തണ്ടേക്കാട് സ്വദേശി ഇല്ലിക്കൽ മുജീബിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോപ്പിലെ 4 മെഷീനുകൾ അടക്കം സാധന സാമഗ്രികളും അഹ് ബാബേ റസൂൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസും ഓഫീസിലെ ഫർണിച്ചറും പൂർണമായും കത്തിനശിച്ചു..
വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെ പ്രദേശവാസിയായ യൂസുഫ് പൂവത്തിങ്കൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ കടകളിൽ തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സിന്റെ 3 യൂണിറ്റ് മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. നഷ്ടം കണക്കാക്കിവരുന്നു.