 മലങ്കര, ഭൂതത്താൻക്കെട്ട് ഡാമുകളുടെ ഷട്ടറുകൾ തുറന്നു
കൊച്ചി: പെരിയാർ നിറഞ്ഞു കവിഞ്ഞ് ഒഴുകി തുടങ്ങിയതോടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഇടുക്കിയിലും പെരിയാറിന്റെ വൃഷ്‌ടി​പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണിത്. ഭൂതത്താൻക്കെട്ട് അണക്കെട്ടിന്റെ ഒമ്പത് ഷട്ടറുകളും തുറന്ന നിലയിലാണ്. ചെല്ലാനത്ത് രൂക്ഷമായ കടലാക്രമണവുമുണ്ട്. ഇവിടങ്ങളിലെ 50 ലധികം വീടുകളിൽ വെള്ളം കയറി. മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു. മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആർ.ഡി.ഒ അറിയിച്ചു. ആലുവ, മൂവാറ്റുപഴ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി.
മൂവാറ്റുപുഴ താലൂക്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം
പ്രകൃതി ദുരന്തം അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു, അടിയന്തര ഘട്ടങ്ങൾ നേരിടുന്നതിനായി താലൂക്കിലെ മുഴുവൻ വില്ലേജ് ഓഫീസർമാർക്കും ജാഗ്രത നിർദ്ദേശം നൽകിയതായി മൂവാറ്റുപുഴ തഹസിൽദാർ പി.എസ്.മധുസൂദനൻ അറിയിച്ചു. ഫോൺ നമ്പർ: 0485 2813773.