പെരിയാറിൽ ചെളിയുടെ അംശവും ഉയർന്നു
ആലുവ: ഒരു ദിവസത്തെ ശക്തമായ മഴയെ തുടർന്ന് പെരിയാർ കലങ്ങി കരകവിഞ്ഞൊഴുകി. ഇന്നലെ വൈകീട്ടോടെ അഞ്ചടിയോളം ഉയരത്തിലാണ് പെരിയാറിൽ ജല നിരപ്പ് ഉയർന്നത്. പെരിയാർ ചെളിയുടെ അംശം കൂടിയിട്ടുണ്ട്. അതേസമയം കുടിവെള്ള വിതരണത്തെ ഇത് ബാധിച്ചിട്ടില്ല.
ആലുവയിൽ മണപ്പുറത്തേക്കും സന്ധ്യയോടെ വെള്ളം കയറിയിട്ടുണ്ട്. ഒറ്റദിവസത്തെ മഴയിൽ എങ്ങനെ ഇത്രയധികം വെളളം ഉയർന്നുവെന്ന ആശങ്കയിലാണ് ജനങ്ങൾ. കഴിഞ്ഞ പ്രളയകാലത്ത് ഡാമുകളിൽ നിന്നും പെരിയാറിലേക്ക് മണൽ ഒഴുകിയെത്തിയതാണ് വെള്ളം വേഗത്തിൽ കരകവിയാൻ കാരണമെന്നാണ് സൂചന.
അണക്കെട്ടുകൾ തുറന്ന് വിട്ടതാണ് ചെളിയുടെ തോത് ഉയരാൻ കാരണം. 52 എൻ.ടി.യു.വാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയ ചെളിയുടെ അളവ്. എന്നാൽ വൈകുന്നേരം ചെളിയുടെ അളവ് കുറഞ്ഞിട്ടുണ്ട്. ജനങ്ങൾക്ക് കുടിക്കാൻ നൽകുന്ന വെള്ളത്തിൽ അഞ്ച് എൻ.ടി.യു.വിൽ താഴെ മാത്രമാണ് ചെളിയുടെ അളവ്. പുഴയിൽ നിന്ന് അരിച്ചെടുക്കുന്ന വെള്ളം മൂന്ന് വലിയ ടാങ്കുകളിൽ സംഭരിച്ചാണ് ശുദ്ധീകരണ പ്രക്രിയ നടത്തുന്നത്.
ചെളിയുടെ അളവ് കൂടിയാൽ ഫിൽട്ടർ ബഡുകൾ ഇടയ്ക്കിടെ വൃത്തിയാക്കേണ്ടി വരും. ഇത് കൂടുതൽ വെള്ളം ശുദ്ധീകരിക്കുന്നതിനും തടസമാകും. 225 എം.എൽ.ഡി. വെള്ളം ശുദ്ധീകരിക്കാനുള്ള ശേഷിയാണ് ആലുവ ജലശുദ്ധീകരണ ശാലയ്ക്കുള്ളത്. വെള്ളിയാഴ്ച ആവശ്യമായ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ കഴിഞ്ഞതായി ശാല അധികൃതർ അറിയിച്ചു.
ജലനിരപ്പ് ഉയർന്നതോടെ കല്ലാർകുട്ടി അണക്കെട്ട് തുറന്ന് വിട്ടത് കൊച്ചിയിലെ കുടിവെള്ള വിതരണത്തെ ബാധിക്കാനുള്ള സാധ്യത ഏറെയാണ്. കല്ലാർകുട്ടിയിൽ നിന്ന് ചെളികലർന്ന വെള്ളം ധാരാളമായി ഒഴുകിയെത്താറുള്ളതാണ് ഇതിന് കാരണം.