തമിഴ് ബ്രാഹ്മണ വിശ്വസംഗമത്തിന് തുടക്കമായി
കൊച്ചി: അവകാശങ്ങൾ നേടിയെടുക്കാൻ ബ്രാഹ്മണ സമുദായം കൂട്ടായി ശബ്ദമുയർത്തേണ്ട സമയമായെന്ന് ഹൈക്കോടി ജഡ്ജി ജസ്റ്റിസ് വി.ചിദംബരേഷ് പറഞ്ഞു. സാമ്പത്തിക സംവരണത്തിനായി സമുദായം ശബ്ദമുയർത്തണം. ജാതി സംവരണം ബ്രാഹ്മണ സമുദായത്തോട് ചെയ്യുന്ന അനീതിയാണ്. കേരള ബ്രാഹ്മണസഭ ആതിഥ്യം വഹിക്കുന്ന തമിഴ് ബ്രാഹ്മണരുടെ വിശ്വസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ സദ്ഗുണങ്ങളും ഒത്തുചേരുന്നതാണ് ബ്രാഹ്മണ ജന്മം. ബ്രാഹ്മണർക്ക് വർഗീയ വാദികളാകാൻ കഴിയില്ല. അവർ അഹിംസാവാദികളാണെന്നും ചിദംബരേഷ് പറഞ്ഞു. രാജ്യത്ത് നടന്ന ഒരു വർഗീയ കലാപങ്ങളിലും ഒരു ബ്രാഹ്മണന്റെ പേരിൽ എഫ്.ഐ.ആർ ഉണ്ടായിട്ടില്ലെന്ന് മുഖ്യാതിഥിയായിരുന്ന ചലച്ചിത്ര താരം എസ്.വി.ശേഖർ പറഞ്ഞു. കേരള ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ അദ്ധ്യക്ഷത വഹിച്ചു. മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ടി.ആർ.രാജഗോപാൽ, ഗ്ലോബൽ മീറ്റ് ചെയർമാൻ ജെ.സുബ്രഹ്മണി, കേരള ബ്രാഹ്മണ സഭ ജനറൽ സെക്രട്ടറി എൻ.വി.ശിവരാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.