കൊച്ചി: ഡോ. കെ. ആർ. നാരായണൻ നാഷണൽ ഫൗണ്ടേഷന്റെ മികച്ച രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുള്ള അവാർഡിന് അടൂർ പ്രകാശ് എം.പിയും വ്യവസായ പ്രമുഖനുള്ള പുരസ്കാരത്തിന് ബിസ്മി ഗ്രൂപ്പ് ചെയർമാൻ വലിയവീട്ടിൽ അലി യൂസഫും അർഹരായി.
ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.പി. ഹരിദാസ് (ട്രേഡ് യൂണിയൻ പ്രവർത്തനം), ഡോ. ഹരീഷ് ചന്ദ്രൻ, ഡോ. സഞ്ജയ് രാജു, എം. മുഹമ്മദ് റാഫി (ആതുരസേവനം) എന്നിവരുൾപ്പെടെ 11 പേർക്കാണ് അവാർഡ് നൽകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. 10,001 രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരങ്ങൾ 27 ന് വൈകിട്ട് 4.30ന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിതരണം ചെയ്യും.
കൊല്ലം അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമാദ്ധ്യാപിക സി. ശോഭനാദേവി, ചങ്ങനാശേരി പുതുജീവൻ ട്രസ്റ്റ് ചെയർമാൻ വി.സി. ജോസഫ്, വലിയം സെൻട്രൽ സ്കൂൾ ആൻഡ് ജൂനിയർ കോളേജ് എം.ഡി ഐ.വി. സിനോജ്, കണ്ണൂർ ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ എം.ഡി കെ. അബ്ദുൾ റസാഖ്, കൊല്ലം മാസ്റ്റർ എഡ്യൂക്കേഷൻ ഗ്രൂപ്പ് ചെയർമാൻ എസ്. ഷാനവാസ് എന്നിവർക്കാണ് മറ്റു പുരസ്കാരങ്ങൾ. ഫൗണ്ടേഷൻ രക്ഷാധികാരി ഡോ. വി.എസ്. അജിത്കുമാർ, അഡ്വ. ജി. വിജയധരൻ, എസ്. സുനിൽകുമാർ, ആർ.ജെ. ഉദയലാൽ, ആകാശ് ഗോപിനാഥ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.