mar-george-alencherry-

കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ ആഗസ്റ്റിൽ ചേരുന്ന സമ്പൂർണ സിനഡിൽ ചർച്ച ചെയ്യാമെന്ന ഉറപ്പിനെത്തുടർന്ന് ബിഷപ്‌സ് ഹൗസിൽ വൈദികർ നടത്തിവന്ന നിരാഹാരസമരം മൂന്നാം ദിവസം അവസാനിപ്പിച്ചു. സ്ഥിരം സിനഡംഗങ്ങളും വൈദികരും തമ്മിൽ ആറര മണിക്കൂർ നീണ്ട ചർച്ചയിലാണ് ധാരണ.

വൈദികർ ഉന്നയിച്ച ആവശ്യങ്ങളിൽ ഉറപ്പു ലഭിച്ചതിനാൽ ഫാ. ജോസഫ് പാറേക്കാട്ടിൽ നടത്തിയ നിരാഹാരം ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് താത്കാലികമായി അവസാനിപ്പിച്ചെന്ന് ഫാ. ജോസ് വൈലിക്കോടത്ത്, ഫാ. കുര്യാക്കോസ് മുണ്ടാടൻ എന്നിവർ പറഞ്ഞു.

വൈദികരുടെ നിരാഹാരം അവസാനിപ്പിക്കാൻ മുൻകൈയെടുത്തത് തൃശൂർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്താണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് കാക്കനാട്ടെ മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ച ചർച്ച രാത്രി എട്ടര വരെ നീണ്ടു. എട്ടു ബിഷപ്പുമാരും ഒമ്പതു വൈദികരും പങ്കെടുത്തു.

വൈദികർക്കും വിശ്വാസികൾക്കും പറയാനുള്ളതെല്ലാം ബിഷപ്പുമാർ കേട്ടു. അന്തിമതീരുമാനം എടുക്കാൻ സമ്പൂർണ സിനഡിനേ കഴിയൂവെന്ന് ബിഷപ്പുമാർ അറിയിച്ചു.

ചർച്ചയിലെ തീരുമാനങ്ങൾ

 വ്യാജരേഖക്കേസിൽ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി സത്യം കണ്ടെത്തണം. പ്രകോപനപരമായ നടപടികൾ ഒഴിവാക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കും

 സഹായ മെത്രാന്മാരെ സസ്‌പെൻഡ് ചെയ്തതിനെതിരായ വൈദികരുടെ വികാരവും വേദനയും സ്ഥിരം സിനഡ് അംഗങ്ങൾ സമ്പൂർണ സിനഡിൽ അറിയിക്കും

 മുൻ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ വത്തിക്കാന് നൽകിയ റിപ്പോർട്ടുകളു‌ടെ ഉള്ളടക്കം പരസ്യപ്പെടുത്തണമെന്ന് മാർപാപ്പയെ അറിയിക്കണമെന്ന ആവശ്യം ചർച്ച ചെയ്യും

 അതിരൂപതുടെ ദൈനംദിന ഭരണകാര്യങ്ങൾ നിർവഹിക്കാൻ പ്രത്യേക അധികാരമുള്ള ബിഷപ്പിനെ ഉടൻ നിയമിക്കാൻ സിനഡിനോട് ശുപാർശ ചെയ്യും

"സിനഡ് അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ മാറ്റണമെന്ന ആവശ്യം പിൻവലിച്ചിട്ടില്ല. സഭാനിയമങ്ങൾ പ്രകാരം അദ്ധ്യക്ഷ പദവി മേജർ ആർച്ച് ബിഷപ്പിനാണ്. ബിഷപ്പിനെതിരെ ആരോപണമുയർന്നാൽ മാറിനിൽക്കാം. സ്ഥലമിടപാട് സിനഡിൽ ചർച്ച ചെയ്യുമ്പോൾ അദ്ദേഹം സ്വമേധയാ മാറിനിൽക്കുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയുണ്ട് ".

- ഫാ. ജോസ് വൈലിക്കോടത്ത്