ആലുവ: കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായ ആലുവയിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് മുമ്പിൽ ഇന്നലെ നിവേദനപ്പെരുമഴയായിരുന്നു. നിവേദനം സ്വീകരിക്കുമെന്ന് പ്രത്യേക അറിയിപ്പുകളൊന്നും നൽകിയില്ലെങ്കിലും മന്ത്രി ആലുവ പാലസിൽ ഉണ്ടെന്നറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് നിവേദനവുമായെത്തിയത്.
ആലുവ പാലസ് അനക്സിൽ സന്ദർശക ഏരിയയിൽ നിന്നു തിരിയാൻ പോലും ഇടമുണ്ടായില്ല. പാലസ് അധികൃതരോ പാർട്ടി നേതൃത്വമോ ഇത്രയധികം നിവേദക സംഘങ്ങൾ എത്തുമെന്ന് പ്രതീക്ഷിച്ചില്ല. പരാതിക്കാരെല്ലാം അക്ഷരാർത്ഥത്തിൽ മന്ത്രിയെ വളയുകയായിരുന്നു. പാർട്ടി നേതാക്കൾ ഏറെ പ്രയാസപ്പെട്ടാണ് നിവേദക സംഘത്തിന് മന്ത്രിയെ കാണുന്നതിന് സൗകര്യമൊരുക്കിയത്. റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങി കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ മേധാവികൾ വരെ നിവേദനങ്ങളുമായി വന്നു.