കൊച്ചി: വീടിന്റെ ഉടമസ്ഥാവകാശത്തിനായി ഒന്നരപതിറ്റാണ്ടോളം നീണ്ട ഫോർട്ടുകൊച്ചി തുരുത്തികോളനി നിവാസികളുടെ പോരാട്ടത്തിന് പരിഹാരം. ഇന്നലെ ചേർന്ന കൗൺസിൽ യോഗം കക്ഷിഭേദമില്ലാതെ ഇവരുടെ ആവശ്യം അംഗീകരിച്ചു.51 പേർക്ക് പട്ടയം .
കഴിഞ്ഞ 14 വർഷത്തോളമായി നൂലാമാലകളിൽപ്പെട്ട് സങ്കീർണമായിരുന്ന വിഷയത്തിന് ഇതോടെ ശാശ്വത പരിഹാരമായി. കൗൺസിൽ തീരുമാനപ്രകാരം നോ ഒബ്‌ജക്ഷൻ സർഫിക്കറ്റ് (എൻ.ഒ.സി) നൽകുന്ന മുറക്ക് സർക്കാർ ഇവർക്ക് പട്ടയം അനുവദിക്കുമെന്ന് മേയർ സൗമിനി ജെയിൻ അറിയിച്ചു. തുടർനടപടികൾ ഉറപ്പാക്കാൻ ടൗൺ പ്ളാനിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
കഴിഞ്ഞ ദിവസം മേയറുടെ അദ്ധ്യക്ഷതയിൽ ഗസ്റ്റ്ഹൗസിൽ നടന്ന യോഗത്തിൽ കോളനി നിവാസികളുടെ പട്ടയം സംബന്ധിച്ച കാര്യത്തിൽ നയപരമായ തീരുമാനം കൈക്കൊള്ളാൻ കെ.ജെ. മാക്സി എം.എൽ.എ നിർദേശം നൽകി. ഭൂമിയുടെ ഉടമ ആരാണ്, എത്ര സെന്റുണ്ട്, ഏത് സർവേ നമ്പറുകളിലാണ്, ഇരട്ടിപ്പുണ്ടോ തുടങ്ങി കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തഹസീൽദാരെ ചുമതലപ്പെടുത്തി. 51 പേരുടെ ഭൂമി കോർപ്പറേഷന്റേതാണെന്നും അതിനാൽ പട്ടയം അനുവദിക്കുന്നതിൽ സാങ്കേതികതടസമില്ലെന്നും തഹസീൽദാർ റിപ്പോർട്ട് നൽകി. അതനുസരിച്ച് 64 പേരിൽ 51 പേർക്ക് തങ്ങളുടെ ഭൂമിയിൽ ഉടമസ്ഥാവകാശം നൽകാൻ കൗൺസിൽ യോഗം അംഗീകാരം നൽകി.
കൗൺസിലർമാർ ഒറ്റക്കെട്ട്
കൊച്ചി: ദുരിതക്കയത്തിൽ നിന്ന് തുരുത്തി കോളനി നിവാസികളെ കരകയറ്റാൻ ഭരണ പ്രതിപക്ഷ ഭേദമന്യെ കൗൺസിലർമാർ കൈകോർത്തു. കോർപ്പറേഷന്റെ സ്ഥലത്ത് ചേരി നിർമ്മാർജനത്തിന്റെ ഭാഗമായി ജി.സി.ഡി.എ നിർമ്മിച്ച കോളനിയിലെ 64 കുടുംബങ്ങൾക്ക് പട്ടയം നൽകുന്നത് ഗൗരവമായ ചർച്ചകൾക്ക് വഴിയൊരുക്കി. 64 വീടുകളിൽ 34 വീടുകളിരിക്കുന്ന 50.36 സെന്റ് സ്ഥലം മാത്രം കൈമാറാനാണ് കത്തിൽ സൂചിപ്പിക്കുന്നതെന്നും പട്ടികയിൽ കൂടുതൽ പേർ ഉൾപ്പെട്ടത് എങ്ങനെയാണെന്നത് സംബന്ധിച്ച് വ്യക്തത വേണമെന്നും ഭരണകക്ഷി കൗൺസിലർമാർ പറഞ്ഞു. ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എ.ബി. സാബു, പി.എം. ഹാരിസ്, കെ.വി.പി. കൃഷ്ണകുമാർ തുടങ്ങിയവർ കോളനി നിവാസികൾക്ക് പട്ടയം നൽകണമെന്ന് വാദിച്ചു. വർഷങ്ങളായി ദുരിതം സഹിച്ച് കഴിയുന്ന കോളനി നിവാസികളുടെ ആവശ്യം തടസവാദങ്ങൾ ഉന്നയിക്കാതെ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി ആവശ്യപ്പെട്ടു. പ്രതിപക്ഷ കൗൺസിലർമാരായ വി.പി. ചന്ദ്രൻ, ബെനഡിക്ട് ഫെർണാണ്ടസ്, ബി.ജെ.പി അംഗം ശ്യാമള പ്രഭു തുടങ്ങിയവരും ആവശ്യത്തോട് യോജിച്ചു. അവസാന പട്ടികയിലുൾപ്പെട്ട 51 പേരിൽ 34 പേരുടെ കാര്യത്തിൽ മറ്റ് തടസങ്ങളില്ലെന്നും 17 പേരുടെ കാര്യത്തിൽ ചില നിയമതടസങ്ങൾ വരാൻ സാദ്ധ്യതയുള്ളതിനാൽ പരിഹരിച്ച് നൽകണമെന്നും ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് പറഞ്ഞു. . ഭരണപക്ഷം തടസം ഉന്നയിക്കുന്നതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി. രാഷ്ട്രീയം മാറ്റിവച്ച് വിഷയത്തിൽ മനുഷ്യത്വസമീപനമാണ് സ്വീകരിക്കേണ്ടതെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു.
2005 മേഴ്സി വില്യംസ് മേയർ.പട്ടയത്തിനുള്ള അപേക്ഷ ഭരണസമിതിക്ക് മുന്നിൽ .
2006 കോർപ്പറേഷൻ കൗൺസിൽ വീണ്ടും വിഷയം പരിഗണിച്ചു.നടപടിയില്ല.
2012 ടോണി ചമ്മിണി മേയർ. വീണ്ടും ചർച്ച. ,ഭൂമി സംബന്ധിച്ച തർക്കം തടസം
2019 കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി വിഷയം ഉന്നയിക്കുന്നു .തഹസിൽദാരുടെ അനുകൂല റിപ്പോർട്ട്. ഭൂമിയിൽ ഉടമസ്ഥാവകാശം നൽകാൻ കൗൺസിൽതീരുമാനം