കൊച്ചി : ആന്തൂറിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ നഗരസഭാ ചെയർപേഴ്സണ് കുറ്റകരമായ പങ്കാളിത്തമുണ്ടെന്നും നഗരസഭാ ഉദ്യോഗസ്ഥരടക്കമുള്ളവരുടെ
കെടുകാര്യസ്ഥതയും അലംഭാവവുമാണ് സ്ഥിതി വഷളാക്കിയതെന്നും സഹോദരൻ ശ്രീജിത്ത് പാറയിൽ ആരോപിച്ചു. സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ കക്ഷി ചേരാൻ നൽകിയ അപേക്ഷയിലാണ് ആരോപണങ്ങൾ.
കൺവെഷൻ സെന്ററിന് അനുമതി നിഷേധിച്ചതിൽ മനംനൊന്ത് ജൂൺ 18 നാണ് സാജൻ ആത്മഹത്യ ചെയ്തത്. കക്ഷി ചേരാൻ സാജന്റെ ഭാര്യയ്ക്ക് ആഗ്രഹമുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ എറണാകുളത്ത് എത്താൻ കഴിയില്ല. അതുകൊണ്ടാണ് ഏക സഹോദരനായ താൻ അപേക്ഷ നൽകുന്നതെന്ന് ശ്രീജിത്ത് വ്യക്തമാക്കുന്നു.
ആന്തൂർ സംഭവത്തിൽ നഗരസഭയുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്നും ആർക്കിടെക്ടിന്റെയും കെട്ടിടമുടമയുടെയും വീഴ്ചയാണ് ലൈസൻസ് നിഷേധിക്കാൻ കാരണമെന്നും തദ്ദേശ ഭരണ വകുപ്പ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇത് തള്ളുകയാണ് ശ്രീജിത്ത്.
കൺവെൻഷൻ സെന്ററിന് അനുമതി നൽകുന്ന വിഷയം ആന്തൂർ ചെയർപേഴ്സൺ ഉൾപ്പെടെ കൗൺസിൽ അംഗങ്ങളും ഉദ്യോഗസ്ഥരും തെറ്റായി കൈകാര്യം ചെയ്തതിൽ സാജൻ വിഷമത്തിലായിരുന്നു. കേസിൽ തീർപ്പു കല്പിക്കും മുമ്പ് തന്റെ വാദം കൂടി കേൾക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. അടുത്ത ദിവസം അപേക്ഷ പരിഗണിച്ചേക്കും.